Friday, June 22, 2012

കൈകളില്‍ ഉലക്കയുമായ്




കൈകളില്‍ ഉലക്കയുമായ് നില്‍കുന്ന ഇയ്യാള്‍കെന്താ വട്ടാണോ , എന്ന് ചിലര്‍ ചോദിച്ചേക്കും , ഇയ്യാള്‍ എന്താ കാളവണ്ടി യുഗത്തിലാണോ ജീവിക്കുന്നത് എന്ന് ചിലര്‍ പറഞ്ഞേക്കും - സാരമില്ല , ഇത് വട്ടല്ല , കയില്‍ നിന്നും വഴുതി പോകുന്ന ചിലതൊക്കെ മുറുക്കി പിടിക്കാനുള്ള ഒരു എളിയ ശ്രമമാണിത് .ഇന്നലെ നമ്മള്‍ ഇതൊക്കെ ആയിരുന്നു എന്നുള്ളതിന്റെ ഒരു ചെറിയ ഓര്‍മപെടുത്തല്‍ .

എല്ലാവരും ഉപേക്ഷിച്ചു കാറ്റും മഴയും ഏറ്റു, പറമ്പില്‍ കിടന്നിരുന്ന ഉരളിന്റെ ചിത്രം ഒരിക്കല്‍ മനസ്സില്‍ നൊമ്പരം ഉയര്‍ത്തി . ഞാന്‍ എന്റെ പിതാക്കന്മാരെ പറ്റി ഓര്‍ത്തു . പഴയ അമ്മുമ്മമാര്‍ എന്തുമാത്രം അരി ഈ കല്ലില്‍ പൊടിച്ചു കാണണം . എന്തുമാത്രം നെല്ല് ഈ കല്ലില്‍ കുത്തി എടുത്തു കാണണം . അവര്‍ അന്ന് ഉണ്ടാക്കിയ പുട്ടും , കഞ്ഞിയുമെല്ലാം , പല പല തലമുറകള്‍ കടന്നു എന്റെ രക്തത്തിന്റെ ഭാഗമായി തീര്‍ന്നിട്ടുണ്ടാവും . ഈ കല്ലിന്‍റെ , ഈ ഉരളിന്റെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ , എന്റെ പിതാമഹന്മാരുടെ ആത്മാവ് എന്നോട് പൊറുക്കുമോ ?. നാളെ എന്റെ മക്കള്‍ക്ക്‌ കാണിച്ചു കൊടുക്കാന്‍ മഹത്തായ സംസ്കാരത്തിന്റെ ഈ ഇഴകള്‍ എങ്കിലും എന്നിക്ക് ബാകി വക്കണം

പിന്നെ ഞാന്‍ ഒട്ടും താമസിച്ചില്ല . ഒരു ഉലക്ക തേടിയുള്ള അന്വേഷണം ആയി . അവസാനം പറന്തലുള്ള ലിനുഅളിയന്റെ വീട്ടില്‍ അത് കണ്ടെത്തി . വളരെ പണിപ്പെട്ടു അത് വീട്ടില്‍ എത്തിച്ചു . ഉരല്‍ എടുത്തു കഴുകി വൃത്തിയാക്കി ഇരുനാഴി പച്ചരി വെള്ളത്തില്‍ ഇട്ടു . ഇന്നലെ വൈകിട്ട് അത് ഉരലില്‍ ഇട്ടു പൊടിച്ചു . ഇന്ന് അതുകൊണ്ട് പുട്ട് ഉണ്ടാക്കി അതിന്റെ രുചിയോന്നു വേറിട്ടതാണ് .

ഉരലില്‍ അരി പൊടിച്ചു എടുത്തപ്പോള്‍ ഞാന്‍ ചില പാഠങ്ങളും പഠിച്ചു അവ നിങ്ങള്‍കായി പങ്കു വക്കുന്നു
ഒന്നാമതായി -- ഉരലില്‍ അരി പൊടിച്ചു എടുക്കുന്നത് ഒരു പോരാട്ടം ആണ് . ആഹാര കാര്യത്തില്‍ പിടി മുറുക്കുന്ന , നാം എന്ത് തിന്നണം എന്ന് സ്വന്തം അരിമില്ലുകളില്‍ തീരുമാനിക്കുന്ന കുത്തകള്‍ക്ക്‌ എതിരെ ഉള്ള ഒരു ഒറ്റയാള്‍ പോരാട്ടം . എന്റെ രുചികള്‍ തീരുമാനികേണ്ടത് ഞാന്‍ ആണ് , ആനയോ , മയിലോ , കുയിലോ , നിറപറ യോ അല്ല !!

രണ്ടാമതായി - ഉരലില്‍ അരി പൊടിച്ചു എടുക്കുമ്പോള്‍ , നമ്മുടെ വീട്ടില്‍ ഒരു കൂട്ടായ്മ അനുഭവപ്പെടുന്നു . നിങ്ങള്‍ മിക്സി ഉപയോഗിക്കുമ്പോള്‍ അതിന്റെ ഒച്ച കാരണം നിങ്ങള്ക്ക് ആരോടും സംസാരിക്കുവാന്‍ കഴിയുക ഇല്ല . ഞാന്‍ അരി ഉരലില്‍ പൊടിച്ചപ്പോള്‍ , എന്റെ ഭാര്യ , മക്കള്‍ അച്ഛന്‍ ഞങ്ങളുടെ അയല്‍ക്കാരി വസന്തമ്മ എന്നിവരും എനിക്ക് ചുറ്റും ഉണ്ടായിരുന്നു . അവരോടു വര്‍ത്തമാനം പറഞ്ഞു കൊണ്ടാണ് ഞാന്‍ അരി പൊടിച്ചത്

മൂന്നാമതായി - ഉരലില്‍ അരി പൊടിക്കുന്നത്‌ നമ്മുടെ ജാഗ്രത കൂട്ടുന്നു . ഒരു കാര്യത്തില്‍ മാത്രം ശ്രെദധ കൊടുക്കുവാനുള്ള നമ്മുടെ കഴിവ് കൂടുന്നു . കാരണം നിങ്ങള്‍ ഉരലില്‍ നോട്ടം വച്ചില്ല എങ്കില്‍ ഉലക്ക കാലില്‍ കൊള്ളുവാനുള്ള സാധ്യത ഉണ്ട് !! അതായതു നമ്മുടെ ജാഗ്രത , കൂടുന്നു എന്ന് സാരം . മിക്സി ഒരിക്കലും ഈ പ്രയോജനം ചെയില്ല

നാലാമതായി - ഉരലില്‍ അരി പൊടിച്ചു എടുക്കുമ്പോള്‍, ബാകി വരുന്ന തരങ്ങഴി അഥവാ അരിയുടെ തരികള്‍ ഇടഞ്ഞു ഉറുമ്പ് , കാക്ക , കോഴി ഇവക്കു കൊടുക്കുന്നു . അരി പൊടിച്ചു കഴിഞ്ഞാല്‍ ഉറുമ്പ് , കാക്ക , കോഴി ഇവയൊക്കെ ഉരളിന്റെ അടുത്തേക്ക് വരുന്നത് നിങ്ങള്ക്ക് കാണുവാന്‍ കഴിയും . ഉരലില്‍ നിന്നും തെറിച്ചു വീഴുന്നത് എല്ലാം അവര്‍ക്ക് അവകാശപെട്ടതാണ് . ഈ പാരസ്പര്യം നിങ്ങള്ക്ക് മറ്റെവിടെ കാണുവാന്‍ കഴിയും ഈ ഉരളിന്റെ ചുവട്ടില്‍ അല്ലാതെ

ഞാന്‍ ഉരല്‍ ഉപയോഗിച്ചപ്പോള്‍ ഉണ്ടായ നേരനുഭവങ്ങള്‍ ആണ് പങ്കു വച്ചത് . ആഴ്ചയില്‍ ഒരിക്കല്‍ എന്നും ഉരല്‍ ഉപയോഗിക്കുവാന്‍ ഞങ്ങള്‍ തീരുമാനം എടുത്തു കഴിഞ്ഞു . പൊ ണ ണ തടിയും കുറയട്ടെ !. നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ , ആശംസകള്‍

9 comments:

  1. ഈ ഞാനും കൊച്ചിലെ ഒരു പാട്‌ പൊടിച്ചിട്ടും അരച്ചിട്ടും ഉണ്ടേ
    ഉരലിലും , അരകല്ലിലും ആട്ടുകല്ലിലും തിരിപ്പികല്ലിലും എല്ലാം

    ഉരലില്‍ ഒരേസമയം നാലുപേര്‍ ചെര്‍ന്ന് രണ്ട്‌ ഉലക്കകള്‍ ഉപയോഗിച്ച്‌ ഇടിക്കാം

    അത്‌ ഒരു കാഴ്ച്ച തന്നെയാണ്‌. ഒരാള്‍ ഒരു വശത്തു നിന്നും ഉലക്ക പൊക്കി താഴേക്ക്‌ ഇടിക്കും അതോടൊപ്പം അത്‌ അയാളുടെ എതിരില്‍ നില്‍ക്കുന്ന ആളിനു പിടിക്കത്തക്കവണ്ണം മുകള്‍ ഭാഗം വിട്ടുകൊടുക്കും.
    ആ ആള്‍ അതു പിടിച്ചുയര്‍ത്തുമ്പോള്‍ മറ്റുരണ്ടുപ്രില്‍ ഒരാള്‍ ഇതേ പോലെ തന്റെ ഉലക്ക ഉപയോഗിച്ച്‌ ഇടിക്കുകയും ത്നേറ്റ്‌ പാര്‍ട്‌നര്‍ക്ക്‌ കൊടൂക്കുകയും ചെയ്യും. ഇതോടൊപ്പം കഥ പറയല്‍ തുടങ്ങി കലാപരിപാടികളും

    അവരൊക്കെ ആശുപത്രികള്‍ ഒന്നും കാണാതെ തന്നെ 90-100 ഒക്കെ ജീവിച്ചിരുന്നു - ആരോഗ്യമുള്ളവരായി

    നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിനു നന്ദി

    ReplyDelete
  2. പറന്തലുള്ള ലിനുഅളിയന്‍ ഈ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞു ഉലക്ക തിരിച്ചു വാങ്ങാന്‍ വരുന്നുണ്ട്. സൂക്ഷിച്ചിരുന്നോ. നഷ്ടമായ എത്രയോ കാര്യങ്ങള്‍ ഇതുപോലെ ..... congratulations

    ReplyDelete
  3. ഇതിന്റെ എല്ലാം ഒരോ ഫോട്ടൊ എടുത്ത് വെക്കുന്നത് നന്നയിരിക്കും, നാളെ കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ

    ReplyDelete
  4. കൊള്ളാം നല്ല പരിപാടി...... വീട്ടിലെ ഉരല്‍ എവിടെയാണാവോ?..... അമ്മയോട് ചോദിക്കണം.....

    ReplyDelete
  5. ഞാന്‍ ബാല്യത്തിലൊരിക്കല്‍ ഉരലില്‍ നെല്ല് കുത്തി. നെന്മണിയെല്ലാം ഓരോ കുത്തിലും തെറിച്ചുപോയി. അമ്മ വടിയുമായി വന്നു. ഞാനോടി. പിന്നെ തിരിച്ചു ചെന്നു. അമ്മ ഉമ്മ തന്നു.

    ReplyDelete
  6. പഴയ ഓര്‍മ്മകള്‍ പുതുക്കുന്ന ചിത്രങ്ങളും,രചനയും നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  7. Excellent article..വെറുതെ ഒരു ഓര്‍മപ്പെടുത്തല്‍ മാത്രമല്ല ഈ ലേഖനത്തിന്റെ പ്രസക്തി കൂട്ടുന്നത്‌. പഴയ കാലത്ത് എന്ത് കൊണ്ട് ഇങ്ങനെ ഓരോ കാര്യങ്ങളും ചെയ്തു കൊണ്ടിരുന്നു , അതിന്‍റെ പിന്നിലെ വിശദാംശങ്ങള്‍ ..എല്ലാം വളരെ നന്നായി പറഞ്ഞിരിക്കുന്നു. വളരെ പ്രശംസനീയം ഈ പോസ്റ്റ്‌.

    ReplyDelete
  8. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഉരലില്‍ നെല്ല് കുത്തുകയും അരി പൊടിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആ ഉരലെവിടെയാണാവോ

    ReplyDelete