Thursday, January 30, 2020

അങ്ങാടിക്കുരുവിയെ കണ്ടപ്പോൾ

ഏറെ നാളുകൾക്ക് ശേഷമാണ് ഒരു അങ്ങാടിക്കുരുവിയെ കാണുന്നത് .കില ഇറ്റി സിയിലെ ബസ്സും പ്രതീക്ഷിച്ച് കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു അങ്ങാടിക്കുരുവി  മുന്നിൽ വന്നു പെട്ടത് .സ്റ്റാൻഡിലെ തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള തുരുമ്പിച്ച റ്റി വി സ്റ്റാൻഡിന്റെ മുകളിലും അടിയിലുമായി എന്തോ തിരഞ്ഞുകൊണ്ട് അത് പാറി നടന്നു . പറ്റിപ്പിടിച്ച മാറാലകൾ ചുണ്ടുകൊണ്ട് വകഞ്ഞു മാറ്റുന്നു .ഒരു കൂടു കൂട്ടാനുള്ള സ്ഥാനം നോക്കുകയാകാം . ചണച്ചാക്കുകൾക്ക് പകരം ഇഴയടുപ്പമുള്ള പ്ലാസ്റ്റിക്ക് ചാക്കുകൾ വന്നതും മനുഷ്യന്റെ ഉള്ളിലെ കാരുണ്യം വറ്റിയതും , പലചരക്കുകടകൾ വേരറ്റുപോയി സൂപ്പർമാർക്കറ്റുകൾ വന്നതുമെല്ലാം അങ്ങാടിക്കുരുവികളെ അങ്ങാടികളിൽ അപൂർവ്വ കാഴ്ചയാക്കിയിട്ടുണ്ട് .ഡേറ്റായുടെ യും കമ്മ്യൂണിക്കേഷന്റെയുംമാസ്മരിക ലോകത്തേക്ക് നമ്മെ  കൈ പിടിച്ചുയർത്തിയ മൊബൈൽ ടവറുകൾ പ്രസരിപ്പിക്കുന്ന വികിരണങ്ങളും അങ്ങാടിക്കുരുവിയുടെ മുട്ടകളെ ചീമുട്ടകളാക്കിയതായി സംശയമുണ്ട് .എന്തായാലും ഞാൻ കണ്ട അങ്ങാടിക്കുരുവി ക്ഷീണിതനാണ്  അങ്ങാടിയിലെ മനുഷ്യരേപ്പോലെ