Wednesday, November 2, 2016

വാടക കൂട്ടിലെ കിളിക്കുഞ്ഞ്

വരാന്തയിലെ പടിക്കെട്ടിന് ഇടതു വശത്ത് മുകളിലായി ആറ്റക്കുരുവിയുടെ ഒരു ഒഴിഞ്ഞ കൂട് ഞങ്ങൾ തൂക്കിയിട്ടിരുന്നു. വീടിന്  അടുത്തുള്ള പാടത്തിന്റെ കരയിലെ തെങ്ങിൽ കൂടുകൂട്ടിയ ആറ്റക്കുരുവികൾ ഉപേക്ഷിച്ച കൂടായിരുന്നു അത് . നോ നമോനും കിങ്ങിണയും ചേർന്നാണ് ഒരു കൗതുകത്തിനായി ആ കൂട് വീടിന്റെ മുൻ ഭാഗത്ത് കെട്ടിത്തൂക്കിയത് .കുറച്ചു ദിവസം കഴിഞ്ഞ പ്പോൾ കൂട്ടിൽ ഒരു അനക്കവും ബഹളവും ഒരു കുഞ്ഞിക്കിളിയുടെ കുറുകലും കരച്ചിലും. കുഞ്ഞിനു തീറ്റയുമായി അമ്മക്കിളി.ആറ്റക്കറുപ്പൻ എന്ന യിനം കിളിയാണെന്ന് തോന്നുന്നു. എന്തായാലും രണ്ടു ദിവസം മുൻപ് എല്ലാവരും പറന്നു പോയി.വാടക കൂട്ടിൽ പിറന്ന കുഞ്ഞുമായി!

Monday, October 10, 2016

സിമ്പതിയും എമ്പതിയും

സിമ്പതിയും, എമ്പതിയും നാം സർവ്വസാധാരണമായി ഉപയോഗിക്കുന്ന രണ്ട് വാക്കുകളാണ് .ഇവ തമ്മിൽ ഉള്ള വ്യത്യാസത്തേപ്പറ്റി പലപ്പോഴും നാം ചിന്തിക്കാറില്ല. സിമ്പതി എന്നാൽ ഒരു അയ്യോ ഭാവം മാത്രമാണ്. മറ്റൊരാളുടെ പ്രയാസം കാണുമ്പോൾ ഉണ്ടാകുന്ന ഒരു സഹതാപം .എന്നാൽ എമ്പതി ഇതിൽ നിന്നും വ്യത്യസ്തമാണ്. വേദന അനുഭവിക്കുന്ന മറ്റൊരാളുടെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചു കൊണ്ട് അയാളുടെ തലത്തിലേക്ക്‌ ഇറങ്ങി ചെന്നു കൊണ്ട് അയാളെ സഹായിക്കുന്ന അവസ്ഥയാണത്. ഉദാഹരണമായി ഒരു റോഡപകടം നടന്നു, ഒരു കുഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുന്നു .അത് കണ്ട് അയ്യോ എന്ന് വെറുതെ നിലവിളിക്കുക മാത്രം ചെയ്താൽ അത് വെറും സിമ്പതി മാത്രമാണ്. എന്നാൽ നിലവിളിക്കുന്നതിന് പകരം ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കണ്ടു കൊണ്ട് അതിനെ ആശുപത്രിയിൽ എത്തിക്കുന്നതാണ് എമ്പതി. സിമ്പതി വെറും വികാരപ്രകടനം മാത്രമാണ്. എന്നാൽ എമ്പതി അതിലും ഉയർന്ന തലത്തിലുള്ള പ്രവർത്തനമാണ്. നമസ്ക്കാരം

Friday, September 9, 2016

ഭാരതപ്പുഴ അന്ത്യ ശ്വാസം വലിക്കുന്നു.

വലിയ പ്രതീക്ഷ യോടെയാണ് കുറ്റിപ്പുറത്തേക്ക് വന്നത് .ഭാരതപ്പുഴ കാണുവാനായി. കണ്ടപ്പോൾ മതിയായി. ഒരു ചാലു പോലെ നേർത്ത്.നഗരങ്ങളുടെ അഴുക്കും പേറി ഭാരതപ്പുഴ അന്ത്യശ്വാസം വലിക്കുന്നു .നദിയുടെ മാറിൽ കുഴികൾ തീർത്ത് മണൽ ഊറ്റിയതിന്റെ അടയാളങ്ങൾ പേരറിയാത്ത പുല്ലുകൾ കൊണ്ട് പ്രകൃതി മായിച്ചിരിക്കുന്നു. നദീതീരത്തെ നിളാ പാർക്കിൽ പണ്ട് എന്നോ സ്ഥാപിച്ച ഒരു ബോർഡു കണ്ടു . നദിയിൽ ഇറങ്ങുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.!!! എവിടെ നദി? എവിടെ വെള്ളം ? അവിടെ ഇപ്പോൾ പൊന്തക്കാടുകളാണ്. നിളാതീരത്ത് പ്രതീക്ഷ യോടെ വരുന്നവർക്ക് നദി കാണുവാൻ കഴിയില്ല .പൊന്തക്കാടുകളും പുൽമേടുകളുമാണ് കാണുവാൻ കഴിയുക. അന്ത്യശ്വാസം വലിക്കുന്ന നിളേ നീ എന്നാണ് പുനർജനിക്കുക?

Monday, August 8, 2016

ഉപേക്ഷിക്കരുത് നമുക്ക് നന്നാക്കാം

എന്തെങ്കിലും ഒന്ന് കേടായാൽ അതിനെ ഉപേക്ഷിച്ച് പുതിയതൊന്ന് പകരം വാങ്ങുവാനുള്ള പ്രവണതയാണ് ഇന്ന് നമുക്ക് എവിടെയും കാണുവാൻ കഴിയുക. കേടായത് നന്നാക്കുവാൻ ആരും മെനക്കെടുന്നില്ല. എന്നാൽ പഴയ തലമുറ അങ്ങനെ അല്ല 'കേടുവന്നത് ശരിയാക്കുകയാണ് പുതിയതൊന്ന് വാങ്ങുന്നതിനേക്കാൾ നല്ലതെന്ന് അവർ വിശ്വസിക്കുന്നു അടുക്കളയിൽ വളരെക്കാലമായി സമയം അറിയിച്ചു കൊണ്ടിരുന്ന ഒരു ചെറിയ ക്ലോക്ക് ഉണ്ട്. ഈയിടെ അത് ഓടാതായി. ബാറ്ററി മാറ്റിയിട്ടു: രക്ഷയില്ല: പകരം പുതിയതൊന്ന് വാങ്ങുവാൻ തീരുമാനിച്ചു.അപ്പോഴാണ് അച്ഛൻ ഇടപെട്ടത്          ''  എടാ കളയുവാൻ എളുപ്പമാ.. നമുക്കിത് നന്നാക്കിയെടുക്കാം.. ''    ഒടുവിൽ ഞാനും സമ്മതിച്ചു.  അച്ഛൻ തനിയെ അതു കൊണ്ടുപോയി നന്നാക്കി കൊണ്ടുവന്നു. ഇപ്പോഴും അത് നന്നായി ഓടുന്നു. ആർക്കും ആരേയും നന്നാക്കാൻ സമയമില്ലാത്ത ലോകത്ത് വ്യദ്ധസദനങ്ങളിലും കുടുംബകോടതിയിലും എല്ലാവരും എല്ലാവരേയും ഉപേക്ഷിക്കുകയാണ്.ഈ കലികാലത്ത് അച്ഛൻ കാണിച്ചു തന്നത് വലിയൊരു സന്ദേശമാണ് .... നന്ദി ... പ്രണാമം

Saturday, June 11, 2016

മാജിക് കാണിക്കുന്ന മണ്‍ വരമ്പുകള്‍!!!!!!

മണ്‍സൂണ്‍ എത്തുന്നതിനു മുന്പായി മുറ്റത്ത്‌ തീര്‍കുന്ന മണ്‍ വരമ്പുകള്‍ 

ശരിക്കും മാജിക്‌ കാണിക്കും . ആയിര കണക്കിന് ലിറ്റര്‍ മണ്ണും ജലവും ഒലിച്ചു 

പോകാതെ സംരക്ഷിക്കുന്ന മാജിക് .ഒരു തൂമ്പ മാത്രം മതി മുറ്റത്ത്‌ ജലം കുത്തി

 ഒലിച്ചു പോകുന്ന ഇടത്ത് മണ്ണ് കൊണ്ട് ഒരു വരമ്പ് തീര്‍ക്കുവാന്‍ . ഈ മണ്‍ 

വരമ്പുകള്‍ ഓടുന്ന വെള്ളത്തെ നടത്തും , നടക്കുന്ന വെള്ളത്തെ ഇരുത്തും , 

ഇരുത്തുന്ന വെള്ളത്തെ കിടത്തും എന്നിട്ട് ഭൂമിയുടെ ഉള്ളിലേക്ക് പറഞ്ഞു 

വിടും . ഇങ്ങനെ താഴുന്ന വെള്ളം ആണ് ഭൂഗര്‍ഭ ജലം ആയി മാറി നമ്മുടെ 

കിണറ്റില്‍ എത്തുന്നത്‌ .ഞങ്ങളുടെ മുറ്റത്ത്‌ മണ്ണും ജലവും ഒഴുകി നഷ്ട്ട 

പ്പെടാതെ തീര്‍ത്ത മണ്‍ വരമ്പിന്റെ ചിത്രങ്ങള്‍ . വായിക്കുന്ന ആര്‍ക്കെങ്കിലും 

ഒരു പ്രചോദനം ആകട്ടെ . അഭിപ്രായം പറയണം . നന്ദി ... നമസ്കാരം 
മണ്‍ വരമ്പ് തീരകുന്നത്നു മുന്‍പ്


വരമ്പ് 

മണ്‍ വരമ്പ് തീര്‍ത്തതിനു ശേഷം

മണ്ണും വെള്ളവും റോഡിലേക്ക് വിടാതെ തടയുന്ന വരമ്പ്

Add caption

Wednesday, April 13, 2016

മണ്ണ് തന്നത് കൊണ്ട് ഒരു വിഷു കണി


മണ്ണ് തന്നത് കൊണ്ട്  ഒരു വിഷു കണി ഉണ്ടാക്കി .പറമ്പിലെ ചക്ക , ചേന ,കൈതചക്ക എല്ലാം അതില്‍ ഇടം കണ്ടു . നോന മോന്‍റെ എഴുത്തോലയും വച്ചു. എല്ലാവരെയും ഉണര്‍ത്തി വിഷു കണി കാണിച്ചു . കയ് നീട്ടവും കൊടുത്തു . വിഷു കാര്‍ഷിക ആഘോഷം ആണ് . നമ്മുടെ മണ്ണും സംസ്കാരവും , നന്മകളും ആഹാരവും എല്ലാം നമുക്ക് തിരിച്ചു പിടിക്കുവാന്‍ ഈ വിഷു  ദിനത്തില്‍ തുടക്കം കുറിക്കണം .പുതിയ കാര്‍ഷിക വര്ഷം ഈ ദിനം ആരംഭിക്കുന്നു  സൂര്യന്‍ നേരെ കിഴക്ക് ഉദിക്കുന്ന ദിനം ആണിത് . സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറുന്ന ദിവസവും . എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ 

Sunday, March 13, 2016

ജൈവ കര്‍ഷകര്‍ക്ക് അവാര്‍ഡും അനുമോദനവും

സരോജിനി ദാമോദരന്‍ ഫൌണ്ടേഷന്‍ എല്ലാ വര്‍ഷവും നല്‍കാറുള്ള ജൈവ കര്‍ഷകര്‍ക്ക് ഉള്ള അക്ഷയ ശ്രീ  പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട്‌ ഇന്ന് മുഹമ്മയില്‍ വിതരണം ചെയ്തു . ചടങ്ങിന്‍റെ ഫോട്ടോയും മറ്റു വിവരങ്ങളും പ്രിയ വായനക്കാര്‍ക്ക് വേണ്ടി ഇതോടൊപ്പം ചേര്‍ക്കുന്നു . കൃഷി സംസ്കാരം വ്യപിക്കട്ടെ നമ്മുടെ നാട് രക്ഷപെടട്ടെ . നന്ദി ,നമസ്കാരം




Sunday, February 21, 2016

ചന്ദ്രന്‍റെ വലിപ്പം ഉള്ള ചേന!!!

ഇന്ന് കുംഭ മാസത്തിലെ ആദ്യത്തെ വെളുത്ത വാവ് . പൂര്‍ണ ചന്ദ്രനെ നോക്കി ഇന്ന് ചേന നട്ടാല്‍  ചന്ദ്രനോളം വലിപ്പം ഉള്ള ചേന കിട്ടുമെന്ന്  പഴയ ഒരു വിശ്വാസം . കുംഭ ചേന കുടത്തോളം എന്ന് ഒരു പഴമൊഴി .പഴയ വിശ്വാസങ്ങളുടെ ബലത്തില്‍ ഞങ്ങളും ഇന്ന് ചേന നടും. ഒരാഴ്ച മുന്‍പ് മുതലേ ഒരുക്കങ്ങള്‍ ആരംഭിച്ചു .ഒരു ചേന മുന്നായി പകുത്തു ചാണകം കലക്കിയ വെള്ളത്തില്‍ (ചാണക പാലില്‍ ) മുക്കി തണലില്‍ ഉണക്കി ചേനയില്‍ ഉള്ള മുള കളഞ്ഞിട്ടാണ് പൂള് വെട്ടിയത് . ഒരുക്കങ്ങളുടെ ചില ചിത്രങ്ങള്‍ .വായിച്ചു അഭിപ്രായം പറയണം . നന്ദി . നമസ്കാരം




Saturday, February 13, 2016

ഫെബ്രുവരി 13 ലോക റേഡിയോ ദിനം

ഇന്ന് ലോക റേഡിയോ ദിനം . അടുക്കളയുടെ ഒരു കോണില്‍ ജനാലയ്ക്കു അരികില്‍ ഇരുന്നു ഞങ്ങളെ പാടിയും പറഞ്ഞും  ചിരിപിച്ചും രസിപികുന്ന പ്രിയ റേഡിയോ ക്ക് പ്രണാമം . ഞങ്ങളുടെ ഭാഷ , സംസ്ക്കാരം , ചിന്തകള്‍ ഇവയൊക്കെ രൂപപെടുത്തി എടുക്കുന്നതില്‍ , മനസ്സില്‍ നന്മയുടെ പൂക്കള്‍ വിരിയ്ക്കുന്നതില്‍ റേഡിയോ വഹിച്ച പങ്കു  വലുതാണ് . എത്ര എത്ര സുഭാഷിതങ്ങള്‍ ,എത്ര എത്ര പ്രഭാഷണങ്ങള്‍ . എത്രയോ മഹാരഥന്മാര്‍  അവരുടെ ചിന്തകള്‍  റേഡിയോ വഴി നമുക്കായി പങ്കു വച്ചിരിക്കുന്നു . റേഡിയോ ഞങ്ങളുടെ സുഹൃത്താണ്‌ വഴികാട്ടിയാണ്, ഗുരുവാണ് . അങ്ങേക്ക് പ്രണാമം 

Tuesday, January 26, 2016

വീട്ടിലെ കരണ്ട് ചാര്‍ജ് സൂര്യനെയും കൊണ്ട് കൊടുപ്പിക്കുന്നത് എങ്ങനെ ?

വീട്ടിലെ കരണ്ട് ചാര്‍ജിന്റെ ഒരു ഭാഗം നമുക്ക് സാക്ഷാല്‍ സൂര്യനെയും കൊണ്ട് കൊടുപ്പിക്കാം ..... എങ്ങനെ എന്നല്ലേ...വീട്ടില്‍ ഒരു സോളാര്‍ പാനലും അതിനോട് ചേര്നുള്ള ബാറ്ററിയും ഇന്‍ വേര്ടരും പിടിപ്പിക്കുക . ഇപ്പോള്‍  അനെര്‍ട്ട്   ഏകദേശം രണ്ടു ലക്ഷം രൂപ വില വരുന്ന രൂഫ്ടോപ്  1 കിലോ വാട്ട് സോളാര്‍  സിസ്റ്റം 97715 രൂപക്ക് നല്‍കുന്നു .നമ്മുടെ വീട്ടിലെ മോട്ടോര്‍  ഫ്രിഡ്ജ്‌ ഇവ ഒഴികെ ഉള്ള മിക്കവാറും എല്ലാ വീട്ടു ഉപകരണവും ഫാനും ലൈറ്റും ഉള്‍പെടെ ഇതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും . കരണ്ട് ചാര്‍ജില്‍ ഒരു ഭീമമായ കുറവ് ഉണ്ടാകും . വോല്ട്ടേജ് പ്രശ്നം ഇല്ല . കരണ്ട് ഒരിക്കലും പോകില്ല . ഊര്‍ജത്തിന്റെ കാര്യത്തില്‍ വീട് സ്വയം പര്യാപ്തം ആകും . നാട്ടില്‍ എല്ലാ വീടുകളും സോളാറിലേക്ക്  മാറിയാല്‍  നമുക്ക് പുതിയ ഡാമുകള്‍ വേണ്ട , പുതിയ ആണവ പ്രോജക്ടുകള്‍ വേണ്ട ,നമ്മുടെ വനവും മലകളും പുഴകളും പരിസ്ഥിതിയും സംരക്ഷിക്കപെടും. സോളാര്‍ സിസ്റ്റം ആവശ്യം ഉള്ളവര്‍ അനെര്‍ട്ട്  വെബ്സൈറ്റ് നോക്കുക http://anert.gov.in/
വീട്ടിലെ സോളാര്‍ സിസ്റ്റം ചിത്രങ്ങളിലുടെ....അഭിപ്രായം പറയണം ..നന്ദി ...നമസ്കാരം