Wednesday, August 29, 2018

കാള കിടക്കും കയറോടും!!!

കാള കിടക്കും കയറോടും എന്നാ പഴമൊഴി മത്തനേയും വള്ളിയും ആണ് സൂചിപിക്കുന്നത് . മത്തന്‍ കൃഷി എല്ലാ വര്‍ഷവും ചെയ്യും എങ്കിലും ഫലം കിട്ടുന്നത് ചുരുക്കമാണ് . ഇല തോരന്‍ വക്കുവാന്‍ എടുക്കുകയാണ് ചെയുന്നത് . ഞങ്ങള്‍ ഇവിടെ വസ്തു വാങ്ങിയ സമയത്ത് പറമ്പില്‍ ധാരാളം മത്തങ്ങാ കായ്ച്ചു കിടന്നിരുന്നു . വലിയ മഞ്ഞ കായകള്‍ . പിന്നീടു എന്തുകൊണ്ടോ കായകള്‍ അധികം പിടിച്ചില്ല . ഫെബ്രുവരി മാസത്തോടെ ഒരു തടം എടുത്തു മത്തന്‍ നട്ടു. എന്നാല്‍ അതിനു വലിയ വളര്‍ച്ച ഒന്നും കണ്ടില്ല .ചൂട് സമയത്ത് കുറച്ചു വെള്ളം ഒഴിച്ചു . പിന്നീട് മഴ പെയ്തു കഴിഞ്ഞപ്പോള്‍ അല്പം നന്നായി വളരുവാന്‍ തുടങ്ങി . ആദ്യം ഉണ്ടായ കായകള്‍ ഒക്കെ കായീച്ച കുത്തി കളഞ്ഞു . ഒരു ആഴ്ച മുന്‍പ് പ്രളയം കഴിഞ്ഞു ചെല്ലുമ്പോള്‍ അതാ രണ്ടു കായകള്‍ ഉണ്ടായി വരുന്നു . അവയെ കണ്ടപ്പോള്‍ തന്നെ ആനന്ദം തോന്നി . കുഞ്ഞുങ്ങളെ കാണുമ്പോള്‍ ഉള്ള ആനന്ദം . കായീച്ച കുത്താതെ രണ്ടു കായ എങ്കിലും കിട്ടിയല്ലോ . നോനമോനെയും കിങ്ങിനയെയും , അപ്പുറത്തെ ഗര്‍വിനെയും വിളിച്ചു കാണിച്ചു . ലീനയെയും വിളിച്ചു കാണിച്ചു . ദൈവം തന്ന മത്തനാണ് എന്ന് സന്തോഷത്തോടെ പറഞ്ഞു . എല്ലാം ഫലം ആയി കിട്ടണം എങ്കില്‍ ദൈവം വിചാരിക്കണമല്ലോ

Saturday, August 4, 2018

പക്ഷിനിരീക്ഷണം പുതിയ ഹോബി

 കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പക്ഷികളെ നിരീക്ഷിക്കുന്നതിൽ വളരെ സന്തോഷം തോന്നുന്നു. ഇന്ദുചൂഢന്റെ കേരളത്തിലെ  പക്ഷികൾ വായിക്കുവാൻ തുടങ്ങിയതും , ജമാൽ ആറയുടെ പക്ഷി നിരീക്ഷണം വായിച്ചതും പ്രചോദനമായി . കൈവശമുള്ള ബൈനോക്കുലറും , പക്ഷി നിരീക്ഷണത്തിന് ഉപയോഗപ്പെടുത്തുന്നു. ഒരു നോട്ടുബുക്കും പേനയും കൂടി കൈവശം കരുതും പത്തു മിനിട്ട് സമയം വീതം രാവിലെയും വൈകിട്ടും പക്ഷി നിരീക്ഷണത്തിന് ക്രമീകരിക്കും കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഫീൽഡ് ഗൈഡ് ഉപയോഗിച്ചാണ് പക്ഷികളെ തിരിച്ചറിയുന്നത് .പക്ഷികളേപ്പറ്റിയുള്ള ബാലരമ ഡൈജസ്റ്റും നിരീക്ഷണത്തിന് സഹായിക്കുന്നു

Wednesday, March 7, 2018

കപ്പ ഉണക്കുന്നതിലെ കൂട്ടായ്മ






റബ്ബർ വെട്ടിമാറ്റിയ പറമ്പിൽ കപ്പ ഇട്ടിരുന്നു .അത് പറിക്കുവാൻ പാകമായി .ഇപ്പോൾ കപ്പയ്ക്ക് വില വളരെ കുറവായതുകൊണ്ട് കുറച്ചു കപ്പ ഉണക്കു കപ്പയാക്കുവാൻ തീരുമാനിച്ചു . പറന്തലിലെ പപ്പയും മമ്മിയും സഹായിക്കാമെന്നേറ്റു .വൈകുന്നേരം പപ്പയും മമ്മിയും ഞാനും ലീനയും കുഞ്ഞുങ്ങളുമെല്ലാം ചേർന്ന് കപ്പ പറിച്ചിട്ടു. തുടർന്ന് വെളുപ്പിനെ 5 മണി മുതൽ കപ്പ പൊളിച്ചു തുടങ്ങി.പൊളിച്ച കപ്പ അരിഞ്ഞ് ഉണക്കുവാനിട്ടു .കപ്പ പറിച്ചപ്പോൾ കിട്ടിയ ഇളം കമ്പും , ഇലയും ,പൊളിച്ചപ്പോൾ കിട്ടിയ തൊലിയും  പശുവുള്ള അയൽക്കാരായ ജോണിച്ചായന്റെ ഭാര്യയ്ക്കും ,രാജൻ ചേട്ടനും കൊടുത്തു .  ജോണിച്ചായന്റെ ഭാര്യ കപ്പ പൊളിക്കുവാൻ സഹായിച്ചു. അങ്ങനെ അയൽക്കാരും സ്വന്തക്കാരും എല്ലാവരും ഒത്തുചേർന്ന് തങ്ങളുടെ സമയവും അദ്ധ്വാനവും പങ്കുവച്ചപ്പോൾ കപ്പ അരിഞ്ഞ് ഉണക്കൽ ആഹ്ലാദകരമായ ഒരു കൂട്ടായ്മയായി മാറി ...... നന്ദി

Thursday, March 1, 2018

കുംഭച്ചേന നട്ടപ്പോൾ

ഇന്ന് കുംഭം 17 അഥവാ മാർച്ച് 1 , കുംഭമാസത്തിലെ ആദ്യത്തെ പൗർണ്ണമി .കുംഭച്ചേന നടുവാൻ പറ്റിയ ദിനമായി പൂർവ്വികന്മാർ പറഞ്ഞു തരുന്ന സമയം . രാവിലെ ഓഫീസിലേക്ക് പോകുന്നതിനു മുൻപ് വീട്ടുജോലികൾ ഒതുക്കിയ ശേഷം പറമ്പിലേക്ക് പിക്കാസുമായി ഇറങ്ങി വട്ടത്തിൽ ചെറിയ രണ്ട് കുഴി എടുത്തു .റബ്ബർ വെട്ടിമാറ്റിയ സ്ഥലത്തു നട്ട വിളഞ്ഞ കപ്പയുടെ ഇടയിലുള്ള സ്ഥലത്താണ് കുഴിയെടുത്തത് . തുടർന്ന് ചാണകവെള്ളത്തിൽ മുക്കി തണലിൽ ഉണക്കിയ ചേനപ്പൂൾ ആ കുഴിയിലേക്ക് വച്ച് മണ്ണിട്ടു മൂടി . മുകളിൽ കരിയില പുതയായി ഇട്ടു . കരിയില പറന്നു പോകാതെയിരിക്കുവാൻ അൽപ്പം മണ്ണുമിട്ടു .പാൽ വാങ്ങുന്ന രാജൻ ചേട്ടന്റെ വീട്ടിൽ നിന്നും അൽപ്പം ചാണകം എടുത്ത് ഇനി കരിയിലയ്ക്ക് മുകളിൽ ഇട്ടു കൊടുക്കണം . നെറ്റിയിൽ ഉരുണ്ടുകൂടിയ വിയർപ്പ് ഉരുണ്ട് നിലത്തേക്കു വീണപ്പോൾ  ഒരു സംതൃപ്തി തോന്നി .പൂർവ്വ പിതാക്കന്മാർ ചെയ്തതു പോലെ മണ്ണിൽ വിയർപ്പൊഴുക്കി നാളത്തെ ആഹാരമായ കുംഭച്ചേന നടുവാൻ കഴിഞ്ഞല്ലോ ..... നന്ദി

Sunday, February 25, 2018

ചേന നടീൽ എത്ര എളുപ്പം

വളരെ എളുപ്പമാണ് ചേന നടുവാൻ . പൂളുകളാക്കിയ ചേന ചാണകവെള്ളത്തിൽ മുക്കി ഒരാഴ്ച തണലത്ത് വയ്ക്കുക .അധികം ആഴമില്ലാത്ത ,ചേനപ്പൂള് കഷ്ടിച്ച് ഇരിക്കത്തക്ക വിധമുള്ള ഒരു കുഴി എടുത്ത് ചേനപ്പൂള് അതിൽ വച്ച് മണ്ണിട്ട് മൂടുക . അതിനു മുകളിൽ ഇലകൾ കൊണ്ട് പുതയിട്ട് അൽപ്പം ചാണകം ഇടുക ഇത്രമാത്രം ചേന നട്ടു കഴിഞ്ഞു..... നന്ദി ....

Saturday, February 24, 2018

ചേന നടാത്തവനെ അടിക്കണം

ഇത് നമ്മുടെ നാട്ടിൽ കേട്ടു വന്നിരുന്ന ഒരു പഴമൊഴി . ചേന നടാത്തവനെ അടിക്കണം . ഇതിന്റെ അർത്ഥമി താണ് , കാർഷിക പ്രവർത്തനങ്ങളിൽ ഏറ്റവും അനായാസം ചെയ്യാവുന്ന ഒന്നാണ് ചേന നടീൽ . ആ പ്രവൃത്തി പോലും ചെയ്യാത്തവൻ കുഴി മടിയൻ ആയിരിക്കും .സ്വന്തം ആഹാരം പോലും വിളയിക്കുവാൻ താൽപ്പര്യമില്ലാത്ത അവനെ ഓടിച്ചിട്ട് അടിക്കണം എന്നാണ് പഴമക്കാർ പറയുന്നത് .എന്തായാലും അടികൊള്ളുവാൻ താൽപ്പര്യമില്ലാത്തതു കൊണ്ട് ജോലിത്തിരക്കുകൾക്കിടയിലും അൽപ്പ സമയം കണ്ടെത്തി ഞാൻ ചേന നടുവാൻ പറമ്പിലേക്ക് ഇറങ്ങുകയാണ്..... നിങ്ങളോ ?..... നന്ദി.....

Saturday, February 17, 2018

ആകാശവാണി

ആകാശവാണി തിരുവനന്തപുരം നിലയം 17/2/2018 ശനിയാഴ്ച രാവിലെ 9 മണിക്ക് സംപ്രേഷണം ചെയ്ത റേഡിയോ ഗ്രാമരംഗം പരിപാടിയില്‍ കേള്‍വി അനുഭവവും അനുഭൂതിയും എന്ന വിഷയത്തില്‍ ഒരു പ്രഭാഷണം ചെയ്യുന്നതിന് അവസരം കിട്ടി . ഈ പ്രഭാഷണത്തിന്‍റെ പ്രസക്ത ഭാഗം ഇതോടൊപ്പം സമര്‍പ്പിക്കുന്നു ... നന്ദി...