Friday, July 27, 2012

ദൈവം ഒരു മോട്ടോര്‍ സൈകിളില്‍ ചോറ് പൊതിയുമായി .................

                                                                ദൈവം ഒരു മോട്ടോര്‍ സൈകിളില്‍ ചോറ് പൊതിയുമായി ................. ഞാന്‍ ദൈവത്തെ ഒരു മോട്ടോര്‍ സൈകിളില്‍ ചോറ് പൊതിയുമായി കണ്ട അനുഭവം ആണ് വിവരികുന്നത് ... ഇന്ന് ഞങ്ങള്‍ക്ക് ഒരു മരണം ഉണ്ടായി . ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഞാന്‍ ഓഫീസില്‍ നിന്നും നേരത്തെ തിരിച്ചു . ഉച്ചയോടെ മാവേലികര പ്രൈവറ്റ് ബസ്‌ സ്റ്റേഷന് പുറത്തു ബസ്‌ കാത്തു നില്‍കുമ്പോള്‍ താഴെ നിലത്തു ഒരാള്‍ ഇരുന്നു എന്തോ പിറുപി റു ക്കുന്നത് കണ്ടു . താടിയും, മുടിയും നീട്ടി വളര്‍ത്തിയ , മുഷിഞ്ഞ വേഷമിട്ട ഒരാള്‍ ...... സമൂഹത്തിലെ നല്ല പിള്ളമാര്‍ അയാളെ ഭ്രാന്തന്‍ എന്ന് വിളിച്ചേക്കാം ...... അയാള്‍ നിലത്തു കുത്തിഇരുന്നു പരസ്പര ബന്ധം ഇല്ലാതെ എന്തൊക്കെയോ പറയുന്നു . ബസുകള്‍ അയാള്‍ക്ക് മുന്‍പിലൂടെ വന്നു പോകുന്നുണ്ട് . അല്പം കഴിഞ്ഞപ്പോള്‍ , ഒരു മോട്ടോര്‍ സൈകിളില്‍ ഒരു ചെറുപ്പകാരന്‍ സാവകാശം കടന്നുവന്നു ഞങ്ങളുടെ അടുത്തായി നിറുത്തി . അയാളുടെ പിന്പില്‍ മറ്റൊരാള്‍ ഒരു കവറും പിടിച്ചു ഇരിക്കുന്നു . കടന്നു വന്ന ചെറുപ്പകാരന്‍ ഒരു ചിരിയോടെ നിലത്തിരുന്ന ചേട്ടനെ നോക്കി . പിന്നീടു പിറകില്‍ ഇരുന്ന ആളുടെ കയില്‍ നിന്നും ഒരു പൊതിവാങ്ങി നിലത്തിരുന്ന ചേട്ടന് നേരെ നീട്ടി . അയാള്‍ ആ പൊതി വാങ്ങി തുറക്കുമ്പോഴേക്കും മോട്ടോര്‍ സൈകിളില്‍ വന്നവര്‍ സ്ഥലം വിട്ടു . ഉച്ച ഭക്ഷണം ആയിരുന്നു ആ പൊതിയില്‍ . ചോറും മീനും കറികളും തോരനും എല്ലാം അടങ്ങിയ ഊണ് . ആര്‍ത്തിയോടെ നമ്മുടെ ചേട്ടന്‍ ചോറ് കഴിക്കുവാന്‍ തുടങ്ങി . ഒരു മിന്നായം പോലെ മോട്ടോര്‍ സൈകിളില്‍ വന്ന ആ ചെറുപ്പകാരന്‍ അല്ലെ ശരിക്കും ദൈവം . . വിശന്നു വലഞ്ഞു എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്ന ആ മനുഷ്യനു ഒരു നേരത്തെ ആഹാരം ഒരു നിമിഷം കൊണ്ടാണ് മുന്‍പില്‍ എത്തിയത് ....... അത് കൊണ്ടുവന്ന ആ ചെരുപ്പകാരനെ എനിക്ക് അറിയില്ല .....പക്ഷെ ഒന്ന് അറിയാം ..... അയാളാണ് ശരിക്കും ദൈവം ........ മോട്ടോര്‍ സൈകിളില്‍ ഊണ് പൊതികളും ആയി ദൈവം യാത്ര തുടരുകയാണ് ..........
നമ്മളൊക്കെ ഒരു കല്യാണത്തിന് എന്തുമാത്രം ചോറ് ആണ് വെറുതെ കളയുന്നത് . വീട്ടില്‍ പിള്ളേര്‍ വെറുതെ കളയുന്ന ആഹാരം എന്തും മാത്രം ആണ് . ഒരാള്‍ക്ക് കുറെ പണം കൊടുത്തു സഹായിക്കാന്‍ നമുക്ക് പെട്ടെന്ന് കഴിയും . പക്ഷെ വിശന്നു വലയുന്ന ഒരുവന് മുന്‍പില്‍ ആഹാരമായി എത്തുവാന്‍ കഴിയുന്നത്‌ മഹാ ഭാഗ്യം തന്നെ .

എന്റെ മനസിനെ വളരെ സ്പര്‍ശിച്ച ഒരു അനുഭവം ഞാന്‍ തുറന്നു എഴുതി ... മാന്യ വായനക്കാര്‍ അഭിപ്രായം പറയുമല്ലോ .... നന്ദി .... നമസ്കാരം .....

Thursday, July 26, 2012

മഴ നനയാത്തവര്‍ക്കായി ........

                                            മഴ നനയാത്തവര്‍ക്കായി ......... അതെ  ഈ  പോസ്റ്റ്‌  മഴ   നനയാത്തവര്‍ക്കായി സമര്പിക്കുകയാണ് . ഞാന്‍  ഇതുവരെ  ബോധപൂര്‍വം  മഴ  നനന്ച്ചിട്ടില്ല. കുട  എടുക്കാതെ  പുറത്തു പോകുമ്പോഴോ ,സൈക്കിളില്‍  പോകുമ്പോഴോ  ഒന്ന്  മഴ പെയ്യുമ്പോള്‍  മനസ്സില്‍  പറയും ....നശിച്ച  മഴ...... അങ്ങനെ  ഇരുന്നപ്പോള്‍  ആണ്   പെട്ടന്ന്  മനസ്സില്‍  ഒരു  ചിന്ത .....ഒന്ന്  മഴ  നനഞ്ഞാല്‍  എന്താ ?..... മഴയത്ത്  ഒന്ന്  കുളിച്ചാല്‍   എന്താ ....... കുട്ടിയായിരുന്നപ്പോള്‍  എല്ലാവരും  പേടി പിച്ചു....... എടാ  മഴ  നനയല്ലേ  പനി വരും ........ഒന്ന്  പരീക്ഷിച്ചു  നോക്കുക  തന്നെ .......... സമയം  രാവിലെ  ഒന്‍പതുമണി ...... ആകാശത്ത്  മഴയുടെ  മണികിലുക്കം ...... രാത്രി  മുഴുവന്‍  ഇടവിട്ട്‌  മഴ  ആയിരുന്നു ...... പെട്ടെന്ന്  മഴ പൊഴിയാന്‍  തുടങ്ങി .... ഞാന്‍  ഒരു  കയിലി യും  ഉടുത്തു പതുക്കെ  പുറത്തിറങ്ങി ........ നല്ല  പഞ്ഞി  പോലത്തെ  കുഞ്ഞു  മഴ..... എന്റെ  അച്ഛന്‍  ഞാന്‍  മഴയത്തു നില്കുന്നത്  കണ്ടു  ....... എടാ  നീ  എന്താ  കുരങ്ങന്‍  ആണോ  മഴ നനയാന്‍ ... അയല്പക്കതുകാര്‍  വല്ലവരും  കണ്ടാല്‍  എന്തോ   പറയുമെട ...... ഞാന്‍  ചിരിച്ചു  .... എന്നിട്ട്  പറഞ്ഞു .... കുരങ്ങനും  ഞാനും   കൂട്ടുകാരാണ് .....ഒരു  വാലിന്റെ കുറവേ  ഉള്ളൂ ..... ഒരു  അന്‍പതിനായിരം  വര്ഷം  മുന്‍പ്  എന്റെ  മുത്ത  ച്ഛന്‍   ഇത്  പോലെ  മരത്തിന്മേല്‍  വാലും  ചുറ്റി  മഴ  കൊണ്ട്  കിടന്നിട്ടുണ്ടാവും ............അച്ഛന്‍  പിന്നീട്  ഒന്നും  പറഞ്ഞില്ല . എന്റെ  ഏറ്റവും  വലിയ  വിമര്‍ശകനും   ഏറ്റവും വലിയ  പ്രചോ  ദ  നവും  എന്റെ  അച്ഛനാണ് ....... മഴ പിന്നെയും  തുടര്‍ന്നു..... മാനത്ത് നിന്ന്  ആരോ  ഒരു  പൂവാളിയില്‍   വെള്ളം  തളിക്കുന്നതുപോലെ .......... ഞാന്‍  കണ്ണുകള്‍  അടച്ചു ....... മഴതുള്ളികള്‍ എന്റെ  കണ്ണ്‍ പോളകളില്‍  ഉമ്മ  വച്ചു.......

                                                    ഞാന്‍  ഓര്‍ത്തു ...... ഈ  മഴ തുള്ളി  എവിടെ  നിന്നും  വരുന്നതാണ് ..... ഏതോ  കടലിലെ  വെള്ളം  .... ഏതോ പുഴയിലെ  വെള്ളം  അത്  കാര്‍മേഘമായി  .....മഴതുള്ളിയായി  വീണ്ടും  എന്റെ  അരികില്‍  എത്തി ..... ഇനി  വീണ്ടും  ഇത്  കടലില്‍  ചെല്ലും .... സുര്യനെ  കാണും ..... കാര്‍മേഘം  ആകും  വീണ്ടും  മഴയായി  എന്റെ  അരികില്‍  വരും ........ മഴ തുള്ളി  ശരിക്കും  ഞാന്‍  തന്നെയാണ് .... ഞാന്‍  ഈ ശരീരം  വിട്ടു  മറ്റൊരു  ശരീരത്തില്‍  പുനര്‍  ജനിക്കുന്നതുപോലെ   മഴതുള്ളിയും  പുനര്‍ ജനിക്കുന്നു ....അതിനു  മരണം  ഇല്ല .........ഞാന്‍  കണ്ണ്  തുറന്നു ....... മുറ്റത്തുള്ള  മരത്തിന്റെ  ചില്ലയില്‍  ഒരു  കാക്ക  വന്നിരുന്നു  മഴ നനയുന്നു ......നല്ല  തണുപ്പ് .... ഇതുവരെയും   അനുഭവിച്ചിട്ടില്ലാത്ത  ഒരു  സന്തോഷം  മനസ്സില്‍ ..... മഴ നനയാതെ  പോയിരുന്നെന്ഗില്‍ അത്  ഒരു  നഷ്ട്ടം  ആയി  മാറിയേനെ ..... ഇനിയും  മഴ നനയണം  ബോധപൂര്‍വം ...... കിണറ്റില്‍  നിന്നും  ഒരു  തൊട്ടി  വെള്ളം കൂടി  കോരി  തലയില്‍  ഒഴിച്ചു  .... തോര്‍ത്തി  കയറി ....
                             

                                                ..പ്രിയ  വായനക്കാരെ   ഞാന്‍  ഇത്രയും  പങ്കു  വച്ചതിനു  കാരണം , നിങ്ങളും  ഈ  ആനന്ദം  അനുഭവിക്കണം  എന്ന്  എനിക്ക്  ആഗ്രഹം  ഉള്ളത്  കൊണ്ടാണ് ..പ്രവാസികളുടെ  കാര്യം ഓര്‍കുമ്പോള്‍ എനിക്ക് വിഷമം  ഉണ്ട്...... ഇടവപാതി  മഴ കൊള്ളാന്‍  അവര്‍ക്ക്  ആവില്ലലോ .... സാരമില്ല  ഒരു  മണ്‍സൂണ്‍  കാലത്ത്  നിങ്ങള്‍  അവധിക്കു  വരണം .... ആവോളം  മഴ നനഞ്ഞു  പാട വര മ്പ  തുകൂടോ പറ മ്പി  ലൂടോ   കുട്ടികളും  ഒത്തു  നടക്കണം ...... അതിനു  വാട്ടര്‍  തീം  പാര്‍കില്‍  പോയി  കാശു  കളയേണ്ട .............അപ്പോള്‍  നിങ്ങള്‍  അടുത്ത  മഴ നനഞ്ഞിട്ടു അഭിപ്രായം  പറയുമല്ലോ ... പനി  പിടിക്കില്ല  ഞാന്‍ ഗ്യാരണ്ടി ..........നന്ദി  .... നമസ്കാരം .....  

Sunday, July 22, 2012

പൂവിനുള്ളില്‍ പ്രാവ്


                                          പൂവിനുള്ളില്‍  പ്രാവ് - സത്യമാണിത് , ഞങ്ങളുടെ  വീട്ടില്‍  ഈയ്ടെ  വിരിഞ്ഞ  പൂവിനുള്ളില്‍  ആണ്  ഒരു  വെള്ള  പ്രാവ്  ചിറകു  വിടര്‍ത്തി  നില്കുന്നത് . ഒരു  ചട്ടിയില്‍  വളര്‍ത്തിയ ഓര്‍ ക്കിട്  ഇനത്തില്‍  പെട്ട  ചെടിയില്‍  ആണ്  അത്ഭുതം  വിടര്‍ത്തുന്ന  മൂന്നു  പൂവുകള്‍  വിരിഞ്ഞത് . മനം  മയക്കുന്ന സുഗന്ധം  ഓരോ  പൂവിലും  ഉണ്ട് . ഒരു  വര്ഷം  ഒരിക്കല്‍  മാത്രമേ  ഈ ചെടി  പൂക്കുക  ഉള്ളു . ലീനയ്ക്ക്  കുറെ  വര്ഷം  മുന്‍പ്  കൈ യ്പട്ടൂര്‍  ഉള്ള  സിജി  എന്ന കൂട്ടുകാരിയാണ്‌  ഈ  ചെടി യുടെ  ഒരു  ഭാഗം  സമ്മാനിച്ചത്‌ . ഈ  പൂവ്    നമ്മെ  പല  കാര്യവും  പഠിപിക്കുന്നു

                       
                          പ്രകൃതി  എത്ര   അത്ഭുതകരമായി  എല്ലാം  ക്രമീകരിച്ചിരിക്കുന്നു .  ബുദ്ധിപരമായി  വളര്‍ന്നു  എന്ന്  വീമ്പിളക്കുന്ന  മനുഷ്യന്‍  പ്രകൃതിക്ക്  മുന്‍പില്‍  തല  കുനിക്കണം . 







                           എന്നാലും  ഈ പ്രാവിന്റെ  രൂപം  ഇത്ര  കൃത്യമായി  എങ്ങനെ  ആണ്  ഈ പൂവിന്റെ  ഉള്ളില്‍  വന്നത് ........ വായനക്കാര്‍  തങ്ങളുടെ  അറിവ്  പങ്കു  വക്കണം ........അഭിപ്രായം  പറയണം .....പൂവിന്റെ  ചിത്രം  ചേര്‍ക്കുന്നു ...... നന്ദി     നമസ്കാരം ......

Friday, July 20, 2012

ആറന്മുള വിമാനത്താവളം ചില ചിന്തകള്‍ .


ആറന്മുള  വിമാനത്താവളം  ചില  ചിന്തകള്‍ . ആറന്മുള  വിമാനത്താവളം  വേണോ  വേണ്ടയോ  എന്ന്  എന്നോട്  ചോദിച്ചാല്‍  ഞാന്‍  പറയും  വേണ്ട ....വേണ്ട ..... വേണ്ട 
വിമാനത്താവളത്തിന്  വേണ്ടി   വാദിക്കുന്നവര്‍  ഒന്ന്  ശ്രദ്ധിക്കു .......

                                                                    നമ്മുടെ  കുടിവെള്ളം  മുട്ടിച്ചു  വേണോ  ഈ  വിമാനത്താവളം ...... നമ്മുടെ  നെല്‍വയലുകള്‍  നികത്തി  വേണോ  വിമാന  താവളം ........  ടാറ്റാ , ബിര്‍ള , അമ്ബനിമാര്‍ .....തുടങ്ങിയ  പണക്കാര്‍ക്ക്  പത്തനംതിട്ടയില്‍  എത്തുവാന്‍  വേണ്ടി  നാം  നമ്മുടെ  നിലനില്‍പ്പ്‌  അപകടത്തില്‍  ആക്കണോ ...........

                                                                      ലോകത്ത്  ഒരിടത്തും  വിമാനത്താവളം  വികസനം  കൊണ്ടുവന്നിട്ടില്ല .........നാടിനെ  നശിപിചിട്ടെ  ഒള്ളു .......  ആര്‍ക്കും  വന്നു  ചാടാനുള്ള  ഒരു കുപ്പ  തൊട്ടിയായി  നമ്മുടെ  ഗ്രാമം  മാറും..... പാവനമായ  നമ്മുടെ  ശബരിമലക്ക്  മുകളിലുടെ  നാളെ  വിമാനം  ഇരമ്പി  പറക്കും ............കൊടി വച്ച  കാറില്‍  പോലീസ് അകമ്പടിയോടെ  വി  ഐ പി  കള്‍ പറക്കും ....... അവര്‍ക്ക്  വഴി  ഒരുക്കാനായി  നിങ്ങളുടെ  വഴി  തടയുമ്പോള്‍  നിങ്ങള്‍  മനസ്സില്‍  പ്രാകും , ദൈവമേ  ഈ വിമാനത്താവളം  ഇവിടെ  വേണ്ടിയിരുന്നില്ല ........

                                                                പഴയ  നമ്മുടെ  കാരണവന്മാരുടെ  കോണകത്തിന്റെ വാല്  പോലെ  ഒരു  കൊച്ചു  സ്ഥലം  ആണ്  കേരളം .രണ്ടു  മണിക്കൂര്‍  കൊണ്ട്  മുറിച്ചു  കടക്കാം ഒരു  കാറില്‍ ....... അങ്ങനെ  വീതി  കുറഞ്ഞ  ഈ  ഇടത്ത് ഒരു  മൂന്നു  മണിക്കൂര്‍  യാത്ര  ചെയ്താല്‍  ഇപ്പോള്‍  തന്നെ  ഏതെങ്കിലും  ഒരു  വിമാനത്താവളത്തില്‍  എത്താം  എന്നിരിക്കെ  ഇനിയും  ഒരു  വിമാനത്താവളം  കൂടി  വേണം  എന്ന് പറയുന്നത്  ബാലിശം  ആണ്

                                                                  ഇനിയും  നാടിനെ  നശിപ്പിച്ചു  കൊണ്ട്  വിമാനത്താവളം  ഉണ്ടാക്കരുത് . ഇനിയും  നികത്താന്‍  നമുക്ക്  വയലുകള്‍  ഇല്ല . ഇപ്പോള്‍  നമ്മുടെ  നാട്ടില്‍  ഉള്ള  വിമാനത്താവളങ്ങളിലെ  അടിസ്ഥാന  സവ്കര്യം  നിങ്ങള്‍  വികസിപിക്കു . ......ചെലവ്  കുറഞ്ഞ വിമാന  സര്‍വിസുകള്‍  ആരംഭിക്കു . നമ്മുടെ  പ്രവാസികള്‍ക്ക്  എയര്‍  ഇന്ത്യ  എന്ന്  കേള്‍കുമ്പോള്‍  തന്നെ  ഭയം  ആണ് ..... പുതിയ  വിമാനത്താവളത്തിന്  ചിലവഴിക്കുന്ന  പണം  ഉപയോഗിച്ച്  നിങ്ങള്‍  എയര്‍  ഇന്ത്യയെ  നവീകരിക്കു ..... നമ്മുടെ പ്രവാസികള്‍  കുറഞ്ഞ  ചിലവില്‍  നാട്ടില്‍  വരട്ടെ .....  പുതിയ  വിമാനത്താവളത്തിന്  ചിലവഴിക്കുന്ന  പണം  ഉപയോഗിച്ച്  ....... നിങ്ങള്‍  ഈ  നാട്ടിലെ  പട്ടിണി  തൊഴില്‍  ഇല്ലായ്മ  എന്നിവ  പരിഹരിക്കു ..........ആദ്യം  നമ്മുടെ പട്ടിണി  മാറട്ടെ .... എന്നിട്ട്  നമുക്ക്  വിമാനത്താവളം  പണിയാം ..............പ്രകൃതിയെ  നശിപ്പിച്ചു  നമുക്ക്  മതിവരുനില്ല .........  നാടിന്‍റെ  പച്ചപിനെ  സ്നേഹിക്കുന്ന  ഒരു   പ്രവാസിയും  ഈ  തലതിരിഞ്ഞ  വികസനത്തെ    സമ്മതിക്കുക  ഇല്ല  എന്നാണ്  എന്റെ  വിശ്വാസം ......നിങ്ങളുടെ  അഭിപ്രായം  എഴുതുമല്ലോ ...നന്ദി .... നമസ്കാരം .....

Wednesday, July 18, 2012

വാവട രുചികരം ഓര്‍മ്മകള്‍ മരികുന്നില്ല ,


                                             വാവട  രുചികരം   ഓര്‍മ്മകള്‍  മരികുന്നില്ല , ഇന്ന്  കര്കടിക  വാവ് .  നാം  നമ്മുടെ  പുണ്യ  പിതൃക്കളെ  ഓര്‍കുന്ന  ദിവസം . ബലി  ഇടുന്ന  ദിവസം . ഞാന്‍  കുട്ടി  ആയിരികുമ്പോള്‍  മുതലേ  കരികിടക  വാവ്  ദിവസം  അമ്മ  എനിക്ക്  വാവട  ഉണ്ടാക്കി  തരുമായിരുന്നു . അമ്മ  ഞങ്ങളെ ഒത്തിരി  സ്നേഹിച്ചിരുന്നു . ഇപ്പോള്‍  അമ്മ  ഞങ്ങളുടെ  കൂടെ  ശരീര  രൂപത്തില്‍  ഇല്ല . അമ്മയുടെ  ശരീരത്തിന്  മരണം  സംഭവിച്ചു . പക്ഷെ  അമ്മയിലെ  ചൈതന്യം  , അത്  ഒരിക്കലും  മരിക്കുന്നില്ല . എന്റെ  മുമ്പില്‍  എത്തുന്ന  ഓരോ  അമ്മമാരിലും  ഞാന്‍  എന്റെ  അമ്മയെ  കണ്ടെത്തുന്നു .

                                                     ഇനി  വാവടയുടെ   കാര്യം . വിവാഹം  കഴിഞ്ഞു  ലീന  എന്റെ  ഭാര്യ , വീട്ടില്‍   എത്തിയ  സമയം . അന്ന്  ഒരു  കര്കിടക  വാവിന്  അമ്മ പതിവുപോലെ  വാവട  ഉണ്ടാക്കി . ലീനയ്ക്ക്  അത് പുതിയ  അനുഭവം  ആയിരുന്നു .  വാവട  അവള്‍  അത്ര   വലിയ  കാര്യമായി  അവള്‍  കണ്ടു  കാണുക ഇല്ല . എന്നാല്‍  അമ്മയുടെ  ശാരീരികമായ  മരണത്തിനു  ശേഷം  എല്ലാ  വാവ്  ദിവസവും  ഒരു ഓര്മ  പുതുക്കല്‍  പോലെ  അവള്‍  വാവട  ഉണ്ടാക്കി  ഞങ്ങള്‍ക്ക്  തരും . ഞങ്ങള്‍  അമ്മയെ ഓര്‍മിച്ചുകൊണ്ട്‌  വാവട  കഴിക്കും . എന്റെ  മകള്‍  അവള്‍ കണ്ടിട്ടില്ലാത്ത  അവളുടെ  അന്നമ്മചിയെപറ്റി  എന്നോട്  ചോദിക്കും ......... അവള്‍  ജനിക്കുന്നതിനു  മുമ്പ്  എന്റെ  അമ്മ  മരിച്ചു ..... ഞാന്‍  അവളോട്‌  ഒരു  കഥ  പറഞ്ഞു  കൊടുക്കും ..........അത്  ഇങ്ങനെ  ആണ് ........ അന്നമ്മച്ചി  സ്വര്‍ഗത്തില്‍  ദൈവത്തിന്റെ  അടുത്ത്  ചെന്ന്  താഴോട്ടു  നോകി ...... അപ്പോള്‍  നോനമോന്‍ .... മോളുടെ  അച്ചാച്ചന്‍ , ആരും  കൂട്ട്  കൂടി  കളിക്കുവാന്‍  ഇല്ലാതെ  തനിയെ  ഇരുന്നു  കരയുന്നത്  കണ്ടു ..... അന്നമ്മച്ചി യുടെ  കണ്ണ്  നിറഞ്ഞു .... അന്നമ്മച്ചി  ദൈവത്തോട്  പറഞ്ഞു .......ദൈവമേ  നീ  അത്  കണ്ടില്ലേ , എന്റെ കൊച്ചുമോന്‍  ആരും  കളിക്കുവാനോ , കൂട്ട്  കൂടുവാ നോ  ഇല്ലാതെ  കരയുന്നത്  നീ   കണ്ടില്ലേ .... നീ ഒരു കാര്യം  ചെയ്യാമോ .... ഇവിടെ  ഒത്തിരി  മാലാഖ  കുഞ്ഞുങ്ങള്‍  ഉണ്ടല്ലോ ..... ഒരു മാലാഖ  കുഞ്ഞിനെ  എന്റെ  കൊച്ചുമോനോടൊപ്പം  കളികുന്നതിനു  ഭൂമിയില്‍  അയക്കാമോ .......  അന്നമ്മച്ചി യുടെ  വാക്കുകള്‍  കേട്ട  ദൈവം  ഒരു  സുന്ദരിയായ  മാലാഖ കുഞ്ഞിനെ  ഭൂമിയില്‍  അയച്ചു  ...... ആ  കുഞ്ഞാണ്‌  നീ ........... ഇത്  കേട്ടിട്ട്  എന്റെ  മകള്‍  കൊച്ചു  പല്ലുകള്‍  കാണിച്ചു  പുഞ്ചിരിക്കും . എന്നിട്ട്  അമ്മയോടും , അച്ചച്ചനോടും  ഇങ്ങനെ  പറയും ..... അമ്മ്മേ  ഞാന്‍  മാലാഖ  കുഞ്ഞാ..........



                                                                പ്രിയപ്പെട്ട  വായനക്കാരെ  ഒരു  വാവട  എന്റെ  മനസ്സില്‍  ഉണ്ടാക്കിയ  ചില  ചിന്തകള്‍  ആണ്  ഞാന്‍  നിങ്ങളുമായി  പങ്കു  വച്ചത്  . നിങ്ങളുടെ  വിലയേറിയ  അഭിപ്രായം  പറയുമല്ലോ . നന്ദി .... നമസ്കാരം 

Tuesday, July 17, 2012

അങ്ങനെ ഞങ്ങളും കര്കടക കഞ്ഞി വച്ചു.


                                                      അങ്ങനെ  ഞങ്ങളും കര്കടക കഞ്ഞി  വച്ചു.  വളരെ  എളുപത്തില്‍ ... ഇരുനാഴി  പച്ചരി  ..... ജീരകം ...ഉലുവ ... എള്ള്  ഇത്രയും  ഇട്ടു  കഞ്ഞി  മണ്‍  കലത്തില്‍ വച്ചു . അതിലേക്കു  മാവു  ഇല , പ്ലാവില  ഇവ  അരച്ച്  നീര്  എടുത്തതും , തേങ്ങ  പിഴിഞ്ഞതും  ചേര്‍ത്ത്  കഞ്ഞി  വിളമ്പി . അസ്ത്രവും  ഉണ്ടാക്കി . അത്  അടുത്ത  പോസ്റ്റില്‍  പറയാം . വ്യ്കുന്നെരത്തെ   ആഹാരം  ഇപ്പോള്‍  കര്കിടക  കഞ്ഞി  ആണ് .

 
                                                              കര്കിടക  കഞ്ഞി  നമ്മുടെ  ആരോഗ്യ  പരിപാലനത്തിന്  നല്ലവണ്ണം  സഹായിക്കുന്നു . പച്ചിലകളുടെ  നീരില്‍  പല  പോഷകങ്ങളും  അടങ്ങിയിരിക്കുന്നു . 

                                                           
കര്കിടക  കഞ്ഞി  വപ്പും  കുടിയും  നമ്മുടെ  കുടുംബത്തിലെ   കുട്ടായ്മ  അരകിട്ടു  ഉറപികുന്നു .

                                                             കര്കിടക  കഞ്ഞി   നമ്മുടെ    പഴയകാല  നന്മയാണ് . ഒരു  ഓര്‍മ പെടുത്തല്‍  ആണ് . നമ്മുടെ  പിതാക്കന്മാര്‍ ....നമ്മോടു  ഇങ്ങനെ  പറയും .... മക്കളെ  ഈ  കഞ്ഞി  ഞങ്ങള്‍  കുടിച്ചിരുന്നു ..... ഞങ്ങളുടെ  നന്മയുടെ  ആരോഗ്യത്തിന്റെ  രഹസ്യം  ഈ  കര്കിടക  കഞ്ഞി  കുടി  ആണ് .....



നിങ്ങളും  വച്ചു  കുടിക്കണം  കര്കിടക  കഞ്ഞി . എന്നിട്ട് അഭിപ്രായം  പറയുമല്ലോ ...... ആശംസകള്‍ .. നന്ദി ... നമസ്കാരം ....

Sunday, July 15, 2012

കര്‍കിടക കഞ്ഞി നമുക്ക് ഒരു പ്രയാസവും കുടാതെ പെട്ടെന്ന് ഉണ്ടാക്കാം


കര്‍കിടക കഞ്ഞി  നമുക്ക്  ഒരു  പ്രയാസവും  കുടാതെ  പെട്ടെന്ന്  ഉണ്ടാക്കാം . കടയില്‍  നിന്നും  ഒരു കിറ്റും  വാങ്ങേണ്ട ആവശ്യം  ഇല്ല .
വേണ്ട  സാധങ്ങള്‍

   1   മാവിന് റെ  തളിര്‍  ഇല 3 എണ്ണം  , പഴുത്ത  പ്ലാവില3 എണ്ണം , ഇത്  രണ്ടും  മിക്സിയിലോ  , കല്ലിലോ  നന്നായി  അരച്ചെടുക്കുക  നന്നായി  ഒന്ന്  അരിച്ചെടുക്കുക . ഈ  നീര്  കഞ്ഞിയില്‍  ഒഴിച്ചാല്‍  മതി 
     2    ഇരുനാഴി  പച്ചരി  അല്ലെങ്കില്‍ ഉണക്കല്‍  അരി   
      3    അല്പം  എള്ള്, അല്പം  ഉലുവ  , അല്പം  ജീരകം 
        4    അര  മുറി  തേങ്ങ  തിരുമിയത്  പിഴിഞ്ഞു  പാല്‍  എടുത്തത്‌ 

ഉണ്ടാക്കുന്ന  വിധം 

അരി ,  കഴുകി  ഒരു  മന്കലത്തില്‍  കഞ്ഞി  വക്കുക . വെന്തു  വരുമ്പോള്‍  ഇതിലേക്ക്  എള്ള് , ഉലുവ  ജീരകം  ഇവ  ഇടുക . ഇതിലേക്ക് , ഇലകള്‍  അരച്ചത്‌  ചേര്‍കുക്ക. അവസാനം  കഞ്ഞി  അടപ്പതു  നിന്നും  വാങ്ങി   പിഴിഞ്ഞു  വച്ചിരിക്കുന്ന  തേങ്ങ പാല്‍  ഒഴിച്ചു  ഉപയോഗിക്കാം

അടുപിച്ചു  പത്തു  ദിവസം വ്യ്കിട്ടു  ഈ  കഞ്ഞി  ഉണ്ടാക്കി  വീട്ടിലെ  എല്ലാവരും  ചേര്‍ന്ന്  കുടിക്കണം . മാവിന്റെ  ഇലയും , പ്ലാവിലയും  ഞാന്‍  കുട്ടികളുടെ  സഹകരണത്തോടെ  പറിച്ചു  എടുക്കും . അത്  ഒരു രസം  ആണ് . തേങ്ങാപ്പാല്‍  ചേര്‍ത്ത  ചൂട്  പറക്കുന്ന  കര്‍കിടക  കഞ്ഞി , ഒരു പ്ലാവില  കുത്തി  ചൂടോടെ  കുടിച്ചിട്ട്  വായനക്കാര്‍  അഭിപ്രായം  പറയണം  കേട്ടോ .....നന്ദി .... നമസ്കാരം ....

Saturday, July 14, 2012

അനന്തപുരി ആനപ്പുറത്ത് ഇരുന്നു കാണുമ്പൊള്‍ !!!!


അനന്തപുരിയിലെ  ഡബിള്‍ ഡ ക്കര്‍  ബസ്‌  ആണ്  ഇവിടത്തെ  ആന !. അതില്‍  കയറി  ഞാന്‍  എടുത്ത  അന ന്ത പുരിയുടെ   വിവിധ  ചിത്രങ്ങള്‍  ആണ്  ഈ  പോസ്റ്റില്‍ . കാണുക .....  ദയവായി  അഭിപ്രായം  പറയുക 



ഈ  ഡബിള്‍  ഡ ക്കര്‍   ബസില്‍  ആണ്  ഞാന്‍  കയറിയത് 



റോഡിലുടെ  പായുന്ന    ഡബിള്‍ ഡ ക്കര്‍  ബസിന്റെ  മുകളില്‍  നിന്ന്   





വിമാനത്താവളം  ഇങ്ങനെ  കാണുന്നത്  ആദ്യം 



ബസ്‌ ശംക്ക് മുകത്  എത്തിയപ്പോള്‍ 





എ കെ ജി  സെന്റര്‍ , പാളയം  പള്ളി , ജുമാ  പള്ളി , രക്തസാക്ഷി  സ്മാരകം , ചന്ദ്രശേഖരന്‍  നായര്‍  സ്റ്റേ  ടടിയം,

റാകി പറക്കുന്ന  ഒരു  ചേം  പരുന്തു .......!!!




Friday, July 13, 2012

കൂയി വാന്നെ നമുക്ക് ഡബിള്‍ ഡ ക്കര്‍ ബസില്‍ കയറാം !!!!!


ഇന്ന്  ഞാന്‍  പറയാന്‍  പോകുന്നത്  ഞാന്‍  ഡബിള്‍    ഡ ക്കര്‍  ബസില്‍  കയറിയ  കഥ  ആണ് . ഒത്തിരി  കാലം  കൊണ്ട്  എന്റെ  മനസിലെ  ഒരു  ആശ  ആയിരുന്നു   ഡബിള്‍    ഡ ക്കര്‍  ബസില്‍ കയറുക  എന്നത് .  ഒരു  ആഴ്ച  മുന്‍പേ  മനസ്സില്‍  തീരുമാനിച്ചു ജൂണ്‍  പന്ത്രണ്ടാം  തീയതി  അവധി  എടുത്തു  മോനെയും  കൂട്ടി  തിരുവന്തപുരത്ത്  പോകണം  ഡബിള്‍   ഡ ക്കര്‍  ബസില്‍ ബസില്‍  കയറണം .   തലേ  ദിവസം  വീട്ടില്‍  ഈ  കാര്യം  അവതരിപ്പിച്ചു . അച്ഛന്‍  പറഞ്ഞു ,    "  എടാ  നിനക്ക്  നാണം  ഇല്ലെ ? പ്രായം  ഇത്രേ ഒക്കെ  ആയല്ലോ , ഇനിയം  അവന്‍  നടക്കുവ  ബസേല്‍ കേറാന്‍ .........".   എനിക്ക്  ചിരി  വന്നു . ഭാര്യ  പറഞ്ഞു   " മഴ പെയ്യും  തന്നെ  അങ്ങ്  പോയാല്‍  മതി  കൊച്ചിനെ  വിടത്തില്ല ഇപ്പോഴെ  പറഞ്ഞേക്കാം  "..........ഞാന്‍  വാദിക്കാന്‍ നിന്നില്ല . ഇനിയും  ഞാന്‍  ഇത്  കേള്‍ക്കാതെ  കൊച്ചിനെ   കൊണ്ടുപോയി  അവനു  പനി എങ്ങാനും  പിടിച്ചാല്‍ ........ഈശ്വര .......വേണ്ട .......അവനെ  കൊണ്ടുപോകുന്നില്ല !!!

                                            രാവിലെ  ഞാന്‍  എഴുന്നേറ്റു , ബസില്‍  കയറി  ചെങ്ങന്നൂര്‍  എത്തി . അവിടുന്ന്  ട്രെയിന്‍ .   തിരുവന്തപുരത്ത് എത്തിയപ്പോള്‍  മണി  പത്തു .  സ്റ്റേഷനില്‍  തന്നെ  ഉള്ള  വെജിട്ടെര്യന്‍  ഹോട്ടലില്‍  നിന്നും  പ്രാതല്‍  കഴിച്ചു . നേരെ  കിഴക്കെ  കോട്ടയില്‍  എത്തി .  അവിടെ  നിന്നും  ശംക്ക് മുഖം  വരെ   ഡബിള്‍    ഡ ക്കര്‍ ബസ്‌  സര്‍വീസ്  നടത്തുന്നു  എന്ന്  കേട്ടിരുന്നു . അടുത്ത  സര്‍വീസ്  12 നു  ആണ്   എന്ന്  അറിയാന്‍   സാധിച്ചു . മണി  പത്തര ആയതേ  ഉള്ളു . ഞാന്‍  കിഴക്കെ  കോട്ട  ഒന്ന്  ചുറ്റി  കറങ്ങി  തിരിച്ചു വന്നു  ഇരിപ്പായി . മണി പന്ത്രണ്ടു , പല  പല  വണ്ടിയും  പോകുന്നു .....  ഡബിള്‍    ഡ ക്കര്‍   കാണുനില്ല . ഇരുന്നു  മടുത്തു  . മണി  പന്ത്രണ്ടര . ഞാന്‍   ഓഫീസില്‍  ചോദിച്ചപ്പോള്‍  അവര്‍  പറഞ്ഞു12  ഇന്റെ  ട്രിപ്പ്‌  ക്യാന്‍സല്‍  ചെയ്തു  എന്ന് .ഇനിയും  ഒന്ന്  മുപ്പതിന്  മാത്രമേ  അടുത്ത   ഡബിള്‍    ഡ ക്കര്‍  ബസ്‌ ഉള്ളു .  ഇത് കേട്ടപ്പോള്‍  എനിക്ക്  സങ്കടം  വന്നു . ഇന്നിനി  ബസില്‍  കയറേണ്ട  എന്ന്  തീരുമാനിച്ചു . ആര്‍ക്കറിയാം  1.30  ന്റെ  സര്‍വീസ്  കാണുമോ  എന്ന് . എനിക്ക്  തിരിച്ചു  പന്തളത്തിന്  പോകുകയും  വേണം . വേണ്ട  ഇനി  ഒരിക്കല്‍  ഇവിടെ  വന്നു    ഡബിള്‍    ഡ ക്കര്‍  ബസില്‍ കയറാം . ഇങ്ങനെ  ചിന്തിച്ചു  ഞാന്‍  അവിടെ കണ്ട  മറ്റൊരു  ബസില്‍  കയറി  സെക്രടരിയെട്ടിനു    മുന്‍പിലുള്ള  സ്റ്റോപ്പില്‍   ഇറങ്ങി . കുറച്ചു  പുസ്തകം  വാങ്ങി . മടങ്ങി  തമ്പാന്നൂര്‍ പോകാന്‍  ബസില്‍   കയറി.  വെറുതെ  വാച്ചില്‍  നോക്കിയപ്പോള്‍  മണി 1.15 പെട്ടന്ന്  മനസ്സില്‍  ഒരു ഉള്‍വിളി . കിഴക്കെ കോട്ട വരെ ഒന്ന് പോയി  നോക്കിയാലോ . ...... നേരെ  കിഴക്കെ കോട്ടയിലേക്ക് .  അതാ   നിക്കുന്നു  മുന്‍പില്‍  നമ്മുടെ  ആന  .......അല്ല     ഡബിള്‍    ഡ ക്കര്‍ ബസ്‌ ............ബസ്‌  ഇറങ്ങി  ഒറ്റ ഓട്ടം വച്ച്  കൊടുത്തു ........    ഡബിള്‍    ഡ ക്കര്‍ ബസ്‌ ഇന്റെ  മുകളില്‍  ചെന്നാണ്  ഓട്ടം  നിറുത്തിയത് ........ 

                                                                        ഡബിള്‍    ഡ ക്കര്‍  ബസില്‍  യാത്രക്കാര്‍  അധികം  ഇല്ല . ഞാന്‍  ഏറ്റവും  മുന്‍പില്‍  ഇരുന്നു . ഹിന്ദി  സംസാരിക്കുന്ന  രണ്ടു  കൊച്ചു  പയ്യന്മാര്‍  എന്റെ  അടുത്ത്  ഇരിക്കുന്നുണ്ട്‌ . യാത്ര  ആരംഭിച്ചു . കണ്ടക്ടര്‍  വന്നു 7 രൂപയുടെ ടിക്കറ്റ്‌  തന്നു .

                                                                   തിരക്കിലുടെ    ഡബിള്‍    ഡ ക്കര്‍ ബസ്‌ . മുന്‍പോട്ടു  നീങ്ങി . നഗരം  പിന്നോട്ട്  ഒഴുകാന്‍  തുടങ്ങി . ഞാന്‍  ഒരു  കൊച്ചു  കുട്ടിയായി   മാറി .  അച്ഛന്റെ  തോളില്‍  ഇരുന്നു  പെരുന്നാള്‍  കാണുന്ന  കൊച്ചു  കുട്ടിയെപോ്‍ലെ   ഞാന്‍  നഗരത്തെ  അത്ഭുതത്തോടെ  നോക്കി . ഒരു  മുന്നാം  കണ്ണില്‍  എല്ലാം  കാണുന്നത്  പോലെ . റോഡിന്റെ  വശത്തുള്ള  വന്‍  മരങ്ങളുടെ  ശാഖകള്‍  ബസിനോട്  കിന്നാരം  പറയുന്ന  ശബ്ദം  ഇടയ്ക്കു  കേള്‍ക്കാം  . സെക്രട്ടരിയെട്ടു ,  യുണി വേര്സിടി , വിമാന  താവളം , എ  കെ  ജി  സെന്റര് ,   അങ്ങനെ  എല്ലാത്തിന്റെയും  ഒരു  പുതിയ  മുഖം  ഞാന്‍  കണ്ടു . 

                                                                     വിമാന  താവളത്തില്‍  ഒത്തിരി പ്രാവശ്യം  പോയിട്ടുണ്ടെകിലും , ഉയ്റന്ന  മതില്  കാരണം  മുന്‍പ്  ഒന്നും  കാണാന്‍  പറ്റിയിരുനില്ല. എന്നാല്‍      ഡബിള്‍    ഡ ക്കര്‍  ബസില്‍   ഇരിക്കുന്ന  എന്റെ  മുന്‍പില്‍  മതില്‍  വാ  പൊളിച്ചു  തല  താഴ്ത്തി  നിന്നു. ഈ പ്രാവശ്യം  ഞാന്‍  മതിലിനെ  തോല്പിച്ചു !!!.......എല്ലാം  കണ്ടു  വിമാനം  ഇറങ്ങുന്നത്  ..... വിമാനം  കിടക്കുന്നത് ...... റണ്‍  വേ..... അങ്ങനെ  എല്ലാം 

                                                                           ഡബിള്‍ ഡ ക്കര്‍  ബസ്‌  ശംക്ക്മുഖത്ത്  എത്തി . യാത്രക്കാര്‍  എല്ലാം ഇറങ്ങി . ഞാന്‍ മാത്രം  ഇറങ്ങിയില്ല . വീണ്ടും  ടിക്കറ്റ്‌  എടുത്തു . കണ്ടക്ടര്‍  ചിരിച്ചു ........ പുതിയ യാത്രക്കാര്‍ വന്നു .   വീണ്ടും  യാത്ര  തുടങ്ങി .  പുതിയ പുതിയ  കാഴ്ചകള്‍ ....... പാളയം  പള്ളി ..... ജുമാ പള്ളി .... രക്ത  സാക്ഷി  മണ്ഡപം ......  ഗ്രൌണ്ട് ...... അങ്ങനെ  എന്തെല്ലാം   എന്റെ   ഡബിള്‍ ഡ ക്കര്‍  ബസ്‌   യാത്ര  ഞാന്‍ ഒരിക്കലും  മറകില്ല 

                                                                   പുറപ്പെട്ട  ഇടത്തേക്ക്  ബസ്‌  തിരികെ  എത്തി . ബസിനു  സലാം  പറഞ്ഞു  ഞാന്‍  മടക്ക  യാത്ര  ആരംഭിച്ചു . ഇനിയും  പോകണം  കുടുംബവും  ഒത്തു . നിങ്ങളും  പോകണം  വായനക്കാരെ  ഒരിക്കല്‍  തിരുവന്തപുരത്ത്  ,  ഡബിള്‍    ഡ ക്കര്‍  ബസില്‍ കയറാന്‍ ...... എന്റെ  അനുഭവം  ഞാന്‍  എഴുതി  ..  ഞാന്‍  കണ്ട  നഗരത്തിന്റെ  കുറച്ചു  ചിത്രങ്ങളും   കൂടുതല്‍  ചിത്രങ്ങള്‍  അടുത്ത  പോസ്റ്റില്‍  ........  ഇതാ ..... അഭിപ്രായം  പറയാന്‍  മറക്കരുത് ......  നന്ദി .. നമസ്കാരം  

Tuesday, July 10, 2012

ഗ്രാമസേവകനെ ഞാന്‍ സ്നേഹിക്കുന്നു

                                                            ചെട്ടികുളങ്ങര പഞ്ചായത്തില്‍ ഒരു വില്ലജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍   അഥവാ      ഗ്രാമസേവകന്‍ ആയിട്ടാണ് ഞാന്‍ ജോലി ചെയ്യുന്നത് . മുന്‍പ് ഗ്രാമസേവകന്‍ എന്നാണ് ഈ തസ്തിക അറിയ പെട്ടീരുന്നതു . ഇപ്പോളും ഒരു ഗ്രാമസേവകന്‍ എന്ന് അറിയപ്പെടാന്‍ ആണ് എന്റെ ആഗ്രഹം . സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളാണ് ഓരോ ദിവസവും ഞങ്ങളുമായി ഇടപെടുന്നത് . ചിലര്‍ വീടിനു വേണ്ടി , ചിലര്‍ കിണറിനു വേണ്ടി , ചിലര്‍ വീട് അറ്റകുറ്റപണി നടത്താന്‍ വേണ്ടി . ചിലര്‍ കക്കുസിനു വേണ്ടി , ചിലര്‍ പശുവിനെ വാങ്ങാന്‍ , ആടിനെ വാങ്ങാന്‍ , പെട്ടി കട തുടങ്ങാന്‍ ലോണിനു വേണ്ടി . .............. അങ്ങനെ ഒരു നൂറു നൂറു ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി ആണ് ജനം ഗ്രാമസേവകനെ  സമീപിക്കുന്നത് .

                          സഞ്ചരിക്കുന്ന ഒരു ഓഫീസ് ആണ് ഗ്രാമസേവകന്‍ എന്ന് പറയാം . ഒരു നല്ല ചരിത്രം ഗ്രാമസേവകന്‍ എന്ന വാക്കിന് പറയുവാന്‍ ഉണ്ട് . പഴയ കാലത്ത് , ഒരു പുതിയ നെല്‍ വിത്ത് , അല്ലെങ്കില്‍ രാസവളം ഇവ ഒന്നും ജനം നേരിട്ട് പരീക്ഷിക്കുക ഇല്ലായിരുന്നു . അന്ന്  ഗ്രാമസേവകര്‍   രാത്രിയില്‍ രാസവളം പാടത്ത് വിതറും . എന്നിട്ട് നല്ല വിളവു കണ്ടു അത്ഭുതപെട്ടു നില്‍കുന്ന കര്‍ഷകനോട് , അവസാനം അതിന്റെ രഹസ്യം ഈ രാസവളം വിതറിയതാണ് എന്ന് പറയും . ഇങ്ങനെ സാവധാനം ആണ് രാസവളം കേരളത്തില്‍ കര്‍ഷകരുടെ ഇടയില്‍ വ്യാപിച്ചത്‌ . കുടുംബ ആസുത്രണ മാര്‍ഗങ്ങള്‍ , , പുതിയ കൃഷി രീതികള്‍ , പുതിയ വിത്ത് , നല്ല ആരോഗ്യ ശീലങ്ങള്‍ , ഇവ ഒക്കെ ജനത്തിന്റെ ഇടയില്‍ വ്യാപിച്ചത്‌ ഗ്രാമസേവകന്മാരുടെയും  , ഗ്രാമസേവികമാരുടയും ആത്മാര്‍തമായ പ്രവര്‍ത്തനം കൊണ്ട് ആണ് . പണ്ട് ഗ്രാമത്തിലെ വീടുകളില്‍ എന്ത് നല്ല കാര്യം നടന്നാലും ആളുകള്‍ ഗ്രമാസേവകന്റെ അഭിപ്രായം തേടുമായിരുന്നു. ജനം അത്രയ്ക്ക് ഗ്രമാസേവകനെ സ്നേഹിച്ചിരുന്നു .ആദരിച്ചിരുന്നു . മുന്‍പൊക്കെ ജനം പേടിയില്ലാതെ സമീപിച്ചിരുന്ന ഏക സര്‍കാര്‍ ജീവനക്കരെന്‍ ഗ്രാമസേവകന്‍ ആയിരുന്നു .

                            കാലം മാറി , കഥയും മാറി . ഇപ്പോള്‍ ഒരു വില്ലജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് പഴയ കാലത്തേ ഒരു ഗ്രാമസേവകനെ പോലെ ഇടപെടുവാന്‍ കഴിയുന്നോ എന്ന് ചോദിച്ചാല്‍ , ഇല്ല എന്നാണ് എന്റെ ഉത്തരം . ഓഫീസിന്റെ നാല് ചുമരിന്നുള്ളില്‍ ഒരു വീ ഈ ഓ തല്ചിടപ്പെടുകയാണ് . ഗ്രാമത്തിലേക്ക് ജനത്തിന്റെ ഇടയിലേക്ക് ഓഫീസ് ജോലി തീര്‍ത്തിട്ട് ഒന്ന് ഇറങ്ങുവാന്‍ വീ ഈ ഓ പാട് പെടുകയാണ് . പക്ഷെ മനസ് വച്ചാല്‍ എല്ലാ പരിമിതികളെയും മറി കടന്നു ശരിക്കും ഒരു ഗ്രാമസേവകന്‍ ആകാന്‍ ഏതു വീ ഈ ഓ യുക്കും കഴിയും .

                               ഞാന്‍ രാവിലെ ഓഫീസില്‍ ചെല്ലുമ്പോള്‍ ആളുകള്‍ വന്നു തുടങ്ങും . കതകു തുറന്നു , ജനല്‍ തുറന്ന ശേഷം ആദ്യം വന്നവര്‍ക്ക് ടോക്കെന്‍ കൊടുക്കും . അത് വാങ്ങി അവര്‍ ശാന്തമായി ബെഞ്ചില്‍ പോയി ഇരിക്കും . ഇങ്ങനെ ടോകെന്‍ കൊടുക്കുനത് കൊണ്ട് തിരക്ക് കുറയ്ക്കാം , ആദ്യം വന്നവര്‍ക്ക് ആദ്യം പോകുകയും ചെയ്യാം . ഓഫീസില്‍ കയറിയാല്‍ ഞാന്‍ ഒരു ചന്ദന തിരി കത്തിച്ചു വക്കും . എന്റെ കൂടെ ജോലി ചെയ്യുന്ന അജീഷ് സാര്‍ ഇതിനെ അരോമ തെറാപ്പി എന്നാണ് തമാശക്ക് വിളിക്കുന്നത്‌ !!!. എന്തായാലും ഓഫീസില്‍ ഒരു ചന്ദന തിരി കത്തിച്ചു വക്കുന്നത് തികച്ചും ശാന്തമായ ഒരു അന്തരീക്ഷം ഉണ്ടാക്കും എന്നാണ് എന്റെ അനുഭവം . പിന്നീട് ടോകെന്‍ നമ്പര്‍ അനുസരിച്ച് ഓരോരുത്തരെ മാത്രം ഓഫീസ്നു ഉള്ളിലേക്ക് വിളിക്കും . ചിരിച്ചു കൊണ്ട് മുന്‍പിലുള്ള കസേര കാണിച്ചു അവിടെ ഇരിക്കുവാന്‍ അവരോടു പറയും . നിങ്ങള്‍ ഒരു ഓഫീസില്‍ എത്തിയാല്‍ ഇരിക്കാന്‍ ഒരു കസേര കിട്ടുന്നത് നിങ്ങളെ അന്ഗീകരിക്കുനതിനു തുല്യം ആണെന്ന് ഞാന്‍ കരുതുന്നു . വന്നവരോട് ഓരോരുത്തരോടും അവര്‍ എന്തിനാണ് വന്നത് എന്ന് ശാന്തമായി ചോദിച്ചു മനസ്സില്‍ ആക്കുന്നു . അവര്‍ പറയുന്നത് എല്ലാം മൂളി കേള്‍കുന്നു ....... ചിലര്‍ക്ക് അത് മാത്രം മതി ...... ഒരു ആനുകൂല്യവും കിട്ടിയില്ല എങ്കിലും സാരമില്ല സാര്‍ ഞങ്ങള്‍ പറഞ്ഞത് ഒന്ന് കേള്കുവാന്‍ തയാര്‍ ആയല്ലോ .......ഇങ്ങനെ പലരും പറയാറുണ്ട് . നമ്മള്‍ ഒന്നും ചെയ്തില്ല എങ്കിലും സാരമില്ല , ഓഫീസില്‍ വരുന്ന ഒരാളോട് ഒന്ന് ഇരിക്കാന്‍ പറഞ്ഞു അയാള്‍ പറയുന്നത് ക്ഷമയോടെ ഒന്ന് കേള്‍ക്കാന്‍ തയ്യാര്‍ ആയാല്‍ ആ പാവപെട്ടവന് നിങ്ങള്‍ കണ്‍ കണ്ട ദൈവം ആയിരിക്കും .... എന്നാണ് എന്റെ അനുഭവം .

                                       ആളുകളെ ഓരോരുത്തരെ മാത്രം ഒരു സമയം കണ്ടു സംസാരിക്കുനത് കൊണ്ട് അവരുടെ സ്വകരിയത സംരക്ഷിക്കപെടുന്നു . നമ്മളും നമ്മെ കാണുവാന്‍ വരുന്നവരും തമ്മില്‍ ഒരു ആത്മ ബന്ധം ഉണ്ടാകുന്നു . എന്നെ കാണുവാന്‍ വരുന്നവരെ ഞാന്‍ അച്ഛാ , അമ്മെ , ചേച്ചി ചേട്ടാ എന്നിങ്ങനെ ആണ് വിളിക്കുക . ഇങ്ങനെ വിളിക്കുന്ന ഒരു സര്‍കാര്‍ ജീവനക്കാരെനെ ഒരിക്കലും ജനം മറകില്ല എന്നാണ് എന്റെ ഒന്‍പതു വര്‍ഷത്തെ അനുഭവം പഠിപ്പികുന്നത്.

ഒരു ഗ്രാമസേവകന്‍ എന്ന നിലയില്‍ ഉള്ള എന്റെ ജോലി എന്നെ പഠിപിച്ച ചില പാഠങ്ങള്‍

ഒന്ന് - ദൈവം സാധാരണക്കാരോട് ഒപ്പം ആണ് . എന്റെ മുന്‍പില്‍ ഇരിക്കുന്ന ആ സാധാരണക്കാരന്‍ ആണ് എന്റെ ദൈവം . എന്റെ എല്ലാ കഴിവുകളും എന്റെ ദൈവത്തിനു നല്കാന്‍ ഞാന്‍ തയാര്‍ ആണ്

രണ്ടു - സാധാരണക്കാരന്‍ ഒരിക്കലും നിങ്ങളെ ചതിക്കില്ല

മുന്ന് - ഇരിക്കാന്‍ ഒരു കസേരയും , കേള്‍ക്കാന്‍ നിങ്ങളുടെ ചെവിയും , ഹൃദയവും നിങ്ങള്‍ അവനു കൊടുക്കുക . അവന്‍ നിങ്ങളെ മറക്കില്ല .

നാലു - നിങ്ങള്‍ പറഞ്ഞത് എല്ലാം മറ്റൊരാള്‍ മറക്കും . പക്ഷെ കാലം എത്രെ മാറിയാലും നിങ്ങള്‍ മറ്റൊരാളില്‍ ഉണ്ടാക്കിയ അനുഭൂതികള്‍ അയ്യാള്‍ മറകില്ല .

അഞ്ചു - നിങ്ങള്‍ ഒരു പുഞ്ചിരിയായി കാണപ്പെട ണം ............ നിങ്ങള്‍ ഒരു നല്ല വാക്കായി കേള്‍ക്കപെട ണം......... നിങ്ങള്‍ ഒരു ആശ്വാസം ആയി അനുഭവപ്പെട ണം .............. ഗ്രമാസേവ്കന്റെ ജോലിയില്‍ ഇത് പരമ പ്രധാനം . അല്ലെങ്കില്‍ നിങ്ങള്‍ ഒരു പരാജയം ആയി മാറും

എനിക്ക്  ജോലി  കിട്ടിയ  സമയത്ത്  ഗ്രാമസേവകന്‍  എന്ന പേര്  ആരെങ്കിലും പറയുന്നത്  എനിക്ക്   ഇഷ്ട്ടം  അല്ലായിരുന്നു . വില്ലജ്  എക്സ്റ്റന്‍ഷന്‍  ഓഫീസര്‍  എന്ന്  അറിയപെടാന്‍  ആണ്  ഞാന്‍  ആഗ്രഹിച്ചത് . ഗ്രാമസേവകന്‍  എന്ന വാക്ക്  കേള്‍കുന്നത് ഒരു കുറച്ചില്‍  ആയി ഞാന്‍  കരുതി . എന്നാല്‍  സാവധാനം  എന്റെ  മുഖം  മുടികള്‍ താഴെ  വീണു . ഇപ്പോള്‍  ഞാന്‍  എല്ലാവരെയും  പരിച്ചയപെടുന്നത് , ഞാന്‍  ചെട്ടികുളങ്ങരയിലെ  ഗ്രാമസേവകന്‍  ആണ്  എന്ന് പറഞ്ഞാണ് 

എന്റെ ജോലിയെപറ്റി ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കു വച്ചു . ഗ്രാമസേവകനെ ഞാന്‍ സ്നേഹിക്കുന്നു . നിങ്ങള്‍ അഭിപ്രായം അറിയിക്കണം . നന്ദി നമസ്കാരം ....

Saturday, July 7, 2012

നല്ല ആട്ടിയ വെളിച്ചെണ്ണ വേണോ !!

                      നല്ല ആട്ടിയ വെളിച്ചെണ്ണ വേണോ !! വെറുതെ പറയുക അല്ല . ഞങ്ങള്‍ ഈയെടെ അമ്പതു തേങ്ങ ആട്ടി . ഞാന്‍ അതിന്റെ കഥ പറയാം
.
                           ജൂണ്‍ മുന്നാം തീയതി രാത്രി എട്ടു മണിയോടെ എനിക്കൊരു ഫോണ്‍ . വിളിക്കുന്നത്‌ പ്രസന്നകുമാര്‍ എന്ന എന്റെ കൂട്ടുകാരന്‍ . പുള്ളിക്കാരന്‍ പറയുകയാണ് , ജോണേ, ഒരു ചാക്ക് തേങ്ങ ഒത്തു കിട്ടി , നാളെ തന്നെ അത് മുറിച്ചു വക്കണം .താമസിച്ചാല്‍ കേടു ആവും . ഇത് കേട്ടപോള്‍ എന്റെ മനസ്സില്‍ ഒരു വെള്ളിടി വെട്ടി , നാളെ മഴ തുടങ്ങുക ആണ് . ജൂണ്‍ നാലു . ഈ തേങ്ങ മുറിച്ചു വച്ചാല്‍ എങ്ങനാ ഉണങുന്നെ ? ഞാന്‍ തിരിച്ചു ചോദിച്ചു . നല്ല നാലു വെയില് കിട്ടിയാല്‍ മതി എല്ലാം ശരി ആകും എന്ന് പ്രസന്നകുമാര്‍ ചേട്ടന്‍ .ഫോണ്‍ സംഭാഷണം അവസാനിച്ചു . ഇനി അല്പം ഫ്ലാഷ് ബാക്ക് , രണ്ടു മാസം മുന്‍പ് ഞാനും പ്രസന്നന്‍ ചേട്ടനും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു . അതിന്‍ പ്രകാരം ഞങ്ങള്‍ രണ്ടു പേരും കൂടി തേങ്ങ ആട്ടും , തൊണ്ടും, ചിരട്ടയും പാതി വെളിച്ചെണ്ണയും എനിക്ക് , പിണ്ണാക്കും, പാതി വെളിച്ചെണ്ണയും അദ്ദേഹത്തിന് . അതാണ് പ്രസന്നന്‍ ചേട്ടന്‍ ഈ കാര്യം പറഞ്ഞു വന്നപ്പോള്‍ ഒഴിഞ്ഞു മാറാന്‍ എനിക്ക് പറ്റാഞ്ഞത്‌.

                                 ഞാന്‍ ആകെ സങ്കടത്തില്‍ ആയി . വീട്ടില്‍ ഞാന്‍ ഇത് എങ്ങനെ അവതരിപ്പിക്കും .ഞാന്‍ രാവിലെ ജോലിക്ക് പോയാല്‍ വയ്കുന്നേരം മാത്രമേ മടങ്ങി വരൂ . ആര് തേങ്ങ ഉണക്കും . അല്ലെങ്കിലും മഴ ആയാല്‍ എങ്ങനെ തേങ്ങ ഉണങ്ങാന്‍ ആണ് അവസാനം ഞാന്‍ രണ്ടും കല്പിച്ചു തേങ്ങ ആട്ടുന്ന കാര്യം ഭാര്യക്കും , അച്ഛനും മുന്‍പില്‍ അവതരിപിച്ചു . വെടിവപ്പും , ഒഴിഞ്ഞു മാറലും ഒക്കെ ഉണ്ടായി . അവസാനം സമാധാന സന്ധി ഒപ്പ് വച്ചു!!!!

                               ഞാന്‍ ഒരു ഓട്ടോ പിടിച്ചു തേങ്ങ വീട്ടില്‍ എത്തിച്ചു . അന്ന് വയ്കുന്നേരം അത് ഉടച്ചു വച്ചു . തേങ്ങ വെള്ളം കുറെ ഞങ്ങള്‍ കുടിച്ചു . പിറ്റേ ദിവസം രാവിലെ നല്ല വെയില്‍ ഉണ്ടായിരുന്നു . ഭാര്യയും അച്ഛനും കൂടി തേങ്ങ വെയിലത്ത്‌ വച്ചു . അന്ന് മുതല്‍ തേങ്ങ ആട്ടുന്നത്‌ വരെ അതിനെ വെയിലത്ത്‌ വച്ചതും എടുത്തതും അവര്‍ രണ്ടു പേരും ആണ് എന്നത് നന്ദിയോടെ ഓര്‍കുന്നു.




അപകടം ഞങ്ങളെ കാത്തിരിക്കുന്നു എന്ന് ഞങ്ങള്‍ അറിഞ്ഞില്ല . ഇരമ്പി എത്തിയ മഴ ആയിരുന്നു അപകടം . വെയില്‍ തെളിയാത്തത് കാരണം , തേങ്ങ ശരിക്ക് ഉണങുന്നതും ഇല്ല . അപ്പോളാണ് പ്രസന്നന്‍ ചേട്ടന്‍ ഇടപെട്ടത് . മുറി ചൂടാക്കുന്ന ഒരു ഹീറ്റര്‍ സംഘടിപിച്ചു . ഒരു കമ്പി വല പ്രസന്നന്‍ ചേട്ടന്റെ വീട്ടില്‍ ഉണ്ടായിരുന്നു . ഒരു സ്കുട്ടരില്‍ കമ്പി വലയും താങ്ങി, രണ്ടു കയ്യ് യും പിടിക്കാതെ , പിറകില്‍ ഇരുന്നു യാത്ര ചെയ്താണ് കമ്പിവല വീട്ടില്‍ എത്തിച്ചത് .

ഹീറ്റര്‍, കമ്പിവല ഇവ വീട്ടില്‍ എത്തിയതോടെ തേങ്ങ അപകടനില തരണം ചെയ്തു . ഇടയ്ക്കു കിട്ടുന്ന വെയില്‍ മാത്രം കൊള്ളികും . ഏക ദേശം ഒരു മാസം വേണ്ടി വന്നു തേങ്ങ ശരിക്കും ഉണങ്ങാന്‍ . കഴിഞ്ഞ ദിവസം തേങ്ങ ആട്ടി . ആകെ അഞ്ചര കിലോ കൊപ്ര ഉണ്ടായിരുന്നു . മുന്നെര കിലോ വെളിച്ചെണ്ണ കിട്ടി .

ഈ പരിപാടിയില്‍ നിന്നും ഞാന്‍ പഠിച്ച പാഠം

ഒന്ന് - നമ്മുടെ ലക്‌ഷ്യം നല്ലതാണു എങ്കില്‍ നാം അറിയാതെ , പ്രതീക്ഷിക്കാത്ത സഹായം നമുക്ക് കിട്ടും . നല്ല വെളിച്ചെണ്ണ കിട്ടണം എന്നത് ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം . അതിനു വേണ്ടി ഞങ്ങള്‍ പ്രയത്നം ചെയ്തപ്പോള്‍ , ഹീറ്റര്‍ കമ്പിവല ഇവയുടെ രൂപത്തില്‍ ഞങ്ങള്‍ക്ക് സഹായം കിട്ടി .

രണ്ടു - ഞങ്ങളുടെ കുടുംബത്തില്‍ ഒരു ഒത്തൊരുമ വളര്‍ത്തുവാന്‍ വെളിച്ചെണ്ണ ആട്ടി എടുക്കല്‍ സഹായിച്ചു . ഭാര്യ അച്ഛന്‍ മക്കള്‍ ഇവരെല്ലാം , കയ്യി മെയി മറന്നു സഹായിച്ചു . എത്രെയോ തവണ മഴ വരുമ്പോള്‍ എല്ലാം പറുക്കി കെട്ടി ഞങ്ങള്‍ ഓടിയിട്ടുണ്ട് .

മൂന്നു - ഇങ്ങനെ ആണ് വെളിച്ചെണ്ണ ഉണ്ടാകുന്നതു എന്ന് എന്റെ രണ്ടു മക്കളും പഠിച്ചു . അതാണ് ഏറ്റവും വലിയ നേട്ടം .

നാലു - ഇത് കച്ചവട സംസ്കാരത്തിന് നേരെ ഉള്ള ഒരു വെല്ലു വിളി ആണ് . കച്ച വട സംസ്കാരത്തിന്റെ നെറി കേടുകള്‍ക്ക് നേരെ ഉള്ള പ്രതിഷേധം ആണിത് . കൊടുക്കുന്ന കാശിനു നല്ല വെളിച്ചെണ്ണ തരാതെ മായം ചേര്‍ത്ത വെളിച്ചെണ്ണ തരുന്ന കച്ചവട കാരന് നേരെ ഉള്ള പ്രതിഷേധം ആണിത്.

അഞ്ചു - മറവിയില്‍ നശിക്കാന്‍ തുടങ്ങിയ കുറെ ഓര്‍മകളുടെ വീണ്ടുടുപ്പ് ആണിത് . കുറെ മണങ്ങളുടെ, കുറെ രുചികളുടെ വീണ്ടെടുപ്പു . ഒരു നല്ല സംസ്കാരത്തിന്റെ വീണ്ടുടുപ്പ് . നല്ല വെളിച്ചെണ്ണയുടെ നറുമണം , രാസ വസ്തുക്കളുടെ അല്ല . നല്ല തേങ്ങ പിന്നാക്കിന്റെ രുചി . നാം ഒന്ന് ഒത്തോരിമിച്ചു പരിശ്രമിച്ചാല്‍ വീണ്ടു എടുക്കുവാന്‍ പറ്റാത്തതായി ഒന്നും ഇല്ല എന്ന് ഈ വെളിച്ചെണ്ണ നിര്‍മാണം എന്നെ പഠിപിച്ചു.

നാടിനെ സ്നേഹിക്കുന്ന നാട്ടു രുചികളെ സ്നേഹിക്കുന്ന വെളിച്ചെണ്ണ യെ സ്നേഹിക്കുന്ന എല്ലാ മാന്യ പ്രവാസി കള്‍ക്കും ആയി ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു . വായനക്കാര്‍ അഭിപ്രായം പറയണം .നന്ദി നമസ്കാരം .

Thursday, July 5, 2012

ഇടി വെട്ടി മഴ പെയ്യും

                                          നമ്മുടെ നാട്ടിലെ കാലാവസ്ഥ പ്രവചനം ശരിക്കും ചിരിക്കു വക നല്‍കുന്ന ഒരു ഇടപാടാണ് . എന്നൊക്കെ മഴ പെയ്യും എന്ന് കാലാവസ്ഥ കേന്ദ്രം പറയുന്നോ , നിങ്ങള്‍ ഉറപ്പിച്ചോ അന്ന് വലിയ വെയില്‍ ആയിരിക്കും . ഇന്ന് രാവിലെ പത്രം കിട്ടിയപ്പോള്‍ തന്നെ ഭാര്യ പറഞ്ഞു , ഇന്ന് കനത്ത മഴ പെയ്യും എന്ന് കാലാവസ്ഥ പ്രവചനം- ഞാന്‍ വെളിയിലേക്ക് നോക്കിയിട്ട് പറഞ്ഞു , എനിക്ക് തോന്നുനത് , ആസാമില്‍ എങ്ങാണ്ട് ഇരുന്നു ആയിരിക്കും , അയാള്‍ പ്രവചനം നടത്തിയത് , കാരണം ഇപ്പോള്‍ അവിടെ കനത്ത മഴ ആണ് . ഇങ്ങനെ പൊട്ടത്തരം പറയുന്ന ഇവര്‍ കനത്ത ശ മ്പളം എണ്ണി മേടിക്കുന്നുണ്ട്ട് . ഇവരേക്കാള്‍ നന്നായി നാട്ടിന്‍പുറത്തെ കൊച്ചു പിള്ളേര്‍ പറയുമല്ലോ , മഴ പെയ്യുമോ ഇല്ലയോ എന്ന കാര്യം .

                        ജൂണ്‍ നാലിന് ഇടവപ്പാതി ആരംഭിക്കും എന്ന് പ്രവചിച്ചവര്‍ ഇപ്പോള്‍ തലയില്‍ മുണ്ടും ഇട്ടു നടപ്പാണ് . പടിഞ്ഞാറു നിന്ന് വീശി അടിച്ച കാറ്റില്‍ അവരുടെ പ്രവചനം എല്ലാം പറന്നു പോയി . ഇനി ദൈവവുമായ് ഇവര്‍ വല്ല ഗുസ്തിയും ഇട്ടതാണോ . ഇവരുടെ പ്രവചനം പത്രത്തില്‍ വായിക്കുന്ന ദൈവം , പക പോക്കാന്‍ ആയി അന്ന് മഴ പെയ്യിക്കാത്തത് ആണോ ?

                               എന്തായാലും പ്രിയ വായനക്കാരെ നിങ്ങള്‍ പറയുക , ഞാന്‍ പറഞ്ഞത് നേര് അല്ലെ . നമുക്ക് നമ്മുടെ സാരന്മാരോടെ, കുറച്ചു ദിവസം പ്രവചനം നിറുത്തി വക്കാന്‍ പറയാം . ചിലപ്പോള്‍ അല്ല ഉറപ്പായും ഇടി വെട്ടി മഴ പെയ്യും തീര്‍ച്ച . വായനക്കാരുടെ അഭിപ്രായം എഴുതുമല്ലോ .നന്ദി നമസ്കാരം 

Wednesday, July 4, 2012

ഇന്ത്യയെ കണ്ടെത്താനും ഗാന്ധിജിയെ അറിയാനും സൌ ജന്യ നിരക്കില്‍ ഒരു യാത്ര

ഇന്ത്യയെ കണ്ടെത്താനും ഗാന്ധിജിയെ അറിയാനും സൌ ജന്യ നിരക്കില്‍ ഒരു യാത്ര
യുവാക്കളില്‍ ഗാന്ധിയന്‍ തത്വങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനു പത്തു ദിവസത്തെ പഠന പരിശീലന പരിപാടി ചൈതന്യ മഹാത്മാ യുവ മണ്ഡലം സംഘടിപിക്കുന്നു . ഇതിന്റെ ഭാഗമായി ഗാന്ധിജിയുടെ സേവാഗ്രാം , വാര്‍ധ , സബര്‍മതി , തുടങ്ങിയ ആശ്രമങ്ങള്‍ , രാജ്ഘട്ട് തുടങ്ങി ചരിത്ര പ്രാധാന്യമുള്ള ഇടങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സൌ ജന്യ നിരക്കില്‍ ഒരു യാത്ര നടത്തുന്നു . ഒക്ടോബര്‍ മുന്നാം വാരത്തില്‍ യാത്ര പുറപ്പെടുന്നു . സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം യാത്രചിലവുകള്‍ ഗാന്ധിയന്‍ പുസ്തകങ്ങളുടെ വില്പനയിലുടെ കണ്ടെത്തുന്നതാണ് . താല്പര്യം ഉള്ളവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. പ്രവേശനം ആദ്യം അപേക്ഷിക്കുന്ന അറുപതു പേര്‍ക്ക് മാത്രം . ജൂലൈ ഇരുപതു അവസാന തീയതി
 വെബ്സൈറ്റhttp://insight4us.blogspot.com
പ്രസന്നകുമാര്‍ 9447401096

ജോണ്‍ 04734255552

Tuesday, July 3, 2012

വരുന്നോ മണ്‍ ചട്ടിയില്‍ വല്ലതും കഴിക്കാം !!!


                                              ഏകദേശം ആറു മാസം മുന്‍പാണ്‌ , എന്നാല്‍ ഇനി ആഹാരം കഴിക്കുന്നത് മണ്‍ പാത്രത്തില്‍ മതി എന്ന് ഞാന്‍ അങ്ങ് തീരുമാനിച്ചു . അതിനു കാരണം ലോഹ പാത്രങ്ങളെപറ്റി , വന്ന ചില വാര്‍ത്തകള്‍ ആണ് . ലോഹ പാത്രങ്ങളില്‍ ആഹാരം പാചകം ചെയ്യുമ്പോള്‍ , അലൂമിനിയം പാത്രങ്ങള്‍ അടക്കമുള്ളവയില്‍ നിന്നും ലോഹങ്ങള്‍ ആഹാരതോടൊപ്പം ഉള്ളില്‍ ചെല്ലുകയും വിവിധ ശരീര ഭാഗങ്ങളില്‍ അടിയുകയും ചെയ്യും .

                                               Alzheimer's patients, നടത്തിയ പരിശോധനയില്‍ , അവരുടെ തലച്ചോറില്‍ വന്‍ തോതില്‍ അലൂമിനിയം അടിഞ്ഞിരുന്നതായ് ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട് Alzheimer'sഅല്ഷെ മേര്സ് രോഗം എന്താണെന്നു മനസ്സില്‍ ആയോ ? പെട്ടെന്നുള്ള വല്ലാത്ത ഓര്മ നശിക്കല്‍ ആണിത് . തന്മാത്ര എന്ന സിനിമയില്‍ , മോഹന്‍ലാല്‍ അല്ഷെ മേര്സ് രോഗം പിടി പെട്ട ഒരാളായി നന്നായി അഭിനയികുന്നുണ്ട് .

                                                                                        കേരളത്തില്‍ അല്ഷെ മേര്സ് രോഗം കൂടി വരുന്നതായി വാര്‍ത്തകള്‍ ഉണ്ട് . നാം ആഹാരം പാചകം ചെയ്യാനായി ഉപയോഗിക്കുന്ന പാത്രങ്ങളില്‍ ഭൂരിഭാഗവും അലുമിനിയം കൊണ്ട് നിര്‍മിച്ചവ ആണ് . സംശയം ഉണ്ടെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ തന്നെ അടുക്കള ഒന്ന് പരിശോധിക്കു . സ്റ്റീല്‍ പാത്രങ്ങളും, അപകട ഭീഷണിയില്‍ നിന്നും മുക്തമല്ല . എരിവും പുളിയും ഉള്ള ഭക്ഷണം വിളമ്പുമ്പോള്‍ ലോഹങ്ങള്‍ ലയിച്ചു ഭക്ഷണത്തില്‍ ചേരുന്നു . അടുക്കളയിലെ ലോഹ പാത്രങ്ങള്‍ ഒന്ന് പരിശോധിച്ചാല്‍ , അവയില്‍ പലതിലും ഉരസലുകള്‍ വീണിട്ടുള്ളത് കാണുവാന്‍ കഴിയും . ഈ ഉരസല്‍ വീണ ഭാഗത്തെ ലോഹം എവിടെ പോയി നിങ്ങള്‍ ആലോചിച്ചു നോക്കുക ?


                                           പാത്രം കഴുകുവാന്‍ ഉപയോഗിക്കുന്ന സോപ്പ് , ലോഷന്‍ അടക്കമുള്ള രാസവസ്തുക്കളാണ് മറ്റു വില്ലന്മാര്‍ . ഇവ ലോഹവുമായി ചേര്‍ന്ന് രാസപ്രവര്‍ത്തനം നടന്നു ശരീരത്തിന് ദോഷം ഉള്ള വസ്തുക്കള്‍ ഉണ്ടാകാന്‍ ഇടയുണ്ട് അതുകൊണ്ട് അടുക്കളയില്‍ നിന്നും സോപ്പ് , ലോഷന്‍ അടക്കമുള്ള രാസവസ്തുക്കള്‍ ഒഴിവാക്കുക . ഒറ്റ അടിക്കു ഒഴിവാക്കണം എന്നല്ല . ഒരു ചിരട്ടയില്‍ അല്പം ചാരം എടുത്തു , ഒരു ചകിരിയും ഇട്ടു സോപ്പ് പാത്രത്തിന്റെ തൊട്ടു അടുത്തായി വക്കുക . ആരെയും നിര്‍ബന്ധിക്കരുത് . നിങ്ങള്‍ അത് ഉപയോഗിച്ച് തുടങ്ങുക . ഇത് കണ്ടു ബാക്കിയുള്ളവര്‍ പിറകെ വന്നു കൊള്ളും


                                        ഞാന്‍ മണ്‍ പാത്രങ്ങള്‍ വാങ്ങിയത് മാവേലിക്കര പുതിയകാവില്‍ നിന്നാണ് . ആഹാരം വിളബി കഴിക്കുവാന്‍ മണ്‍ ചട്ടികള്‍ വാങ്ങി . ചിരട്ട തവികള്‍ വാങ്ങി . മീന്‍ ചട്ടികള്‍ വാങ്ങി . ഒരു മണ്‍ കൂജ വാങ്ങി . മണ്‍ അടപ്പുകള്‍ വാങ്ങി കുറച്ചു പണം മാത്രമേ ചിലവു ആയുള്ളൂ

മണ്‍ പാത്രത്തില്‍ കഴിക്കുന്നത് കൊണ്ട് എന്നിക്കുണ്ടായ ചില നേട്ടങ്ങള്‍

ഒന്ന് - പ്രകൃതിയോടു ഇണങ്ങിയ ഒരു ജീവിത രീതി അനുവര്തിക്കുവാന്‍ ഇത് സഹായിച്ചു

രണ്ടു - അലുമിനിയം അടക്കമുള്ള ലോഹങ്ങള്‍ വരുത്തുന്ന അപകടത്തില്‍ നിന്നും ഒരു പരിധി വരെ സുരക്ഷ നേടാന്‍ കഴിയുന്നു

മൂന്നു - മണ്‍ പാത്രം ഉപയോഗിക്കുമ്പോള്‍ ഒരു വലിയ മാനസിക സന്തോഷം അനുഭവിക്കുന്നു .

നാല് - എന്നിക്ക് ഇന്നുള്ള എല്ലാ ജീവിത ആര്‍ഭാടങ്ങളും നഷ്ട്ട പെട്ടാലും , ആ സാഹചര്യവുമായി സമരസപ്പെടുന്നതിനു , ജീവിതത്തില്‍ ഒരുനേരം പാത്രത്തില്‍ ഉണ്ണാന്‍ കഴിവ് ഇല്ലാതവരോടൊപ്പം സമരസപ്പെടുന്നതിനു മണ്‍ പാത്രത്തിലെ ആഹാരം എന്നെ സഹായിക്കുന്നു




അടുക്കളയിലെ മുഴുവന്‍ പാത്രങ്ങളും മണ്‍ പാത്രങ്ങള്‍, ആക്കിയിട്ടില്ല . തല്‍കാലം ഞാനും കുട്ടികളും മണ്‍ പാത്രത്തില്‍ കഴിക്കുന്നു . ഭാര്യ നല്ല പിന്തുണ തരുന്നു . അച്ഛന്‍ എന്റെ മണ്‍ പാത്രത്തിലെ കഴിപ്പ്‌ കണ്ടപ്പോള്‍ പറയുകയാണ് , എടാ പിച്ചക്കാര്‍ പോലും ഇപ്പോള്‍ ഇതില്‍ കഴിക്കാറില്ല പിന്നെ നീ എന്താ ഇങ്ങനെ ? ഞാന്‍ പൊട്ടി ചിരിച്ചു . പാവം അച്ഛന്‍ ഇപ്പോള്‍ ഒന്നും പറയാറില്ല . മോരും , ചോറും , മീനും എല്ലാം ഭാര്യ മണ്‍ ചട്ടിയില്‍ വക്കുന്നു . പതുക്കെ മാറ്റം ഉണ്ടാവും !

മണ്‍ പാത്രത്തിലെ , ആഹാരം എന്നില്‍ ഉണ്ടാക്കിയ ചില ചിന്തകള്‍ ആണ് ഞാന്‍ സ്നേഹമുള്ള വായനക്കാരുമായി പങ്കു വച്ചത് . നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുമല്ലോ . നന്ദി . നമസ്കാരം

Monday, July 2, 2012

ദൈവം ഉണ്ടോ

ദൈവം  ഉണ്ടോ  എന്ന ചോദ്യം  തന്നെ  ഒരു   അര്‍ത്ഥം ഇല്ലാത്ത  ചോദ്യം  ആണ് . ഞാന്‍  ഉണ്ടോ  എന്ന്  ചോദിക്കുന്നത്  പോലെ  ആണിത് . എന്റെ  ഈശ്വര  സങ്കല്‍പ്പം  തന്നേ  കഴിഞ്ഞ  കുറെ  കാലത്തിനു  ഇടയില്‍   മാറ്റത്തിന്  വിധേയം  ആയി . ഈശ്വരന്‍  ഉണ്ടോ എന്നതില്‍  അല്ല  ഈശ്വര  സാന്നിധിയം  അനുഭവിക്കുന്നതില്‍  ആണ്  കാര്യം . ഞാന്‍  മുന്‍പ്  മറ്റു  പലരെയും  പോലെ  ദൈവത്തെ  പള്ളി , ബൈബിള്‍ , കുരിശു , ചിത്രങ്ങള്‍  ഇവയില്‍  ഒതുക്കി  നിര്‍ത്തിയിരുന്നു . എന്ന്  വച്ചാല്‍  ഇതൊക്കെ  കാണുമ്പോള്‍  മാത്രം  ദൈവം  എന്ന വിഷയം ചിന്തിക്കും . എന്നാല്‍  പിന്നീട്  ഞാന്‍  മനസ്സില്‍ ആക്കി , ദൈവം ഇങ്ങനെ  ഒതുക്ക പെടെന്ട  ആള്‍  അല്ല .
                 സകല  ചരാചരങ്ങളിലും  അടങ്ങിയിരിക്കുന്ന  ഒരു  ചൈതന്യം  ഉണ്ട് . ആ    ചൈതന്യം ആണ്  ശരിക്കും  ദൈവം . ഈ  സത്യം  മനസ്സില്‍  ആക്കിയ  ഞാന്‍ , എന്റെ  മുന്‍പില്‍  വരുന്ന  ഓരോ  മനുഷ്യനിലും , ഓരോ ജീവിയിലും ,  ഈശ്വരനെ  കണ്ടെത്തുവാന്‍  തുടങ്ങി . അത്  ഒരു  സവിശേഷ  അനുഭവം  ആണ് . ദൈവം  അങ്ങ്   സ്വര്‍ഗത്തില്‍  ആണ്  ഇരിക്കുന്നത്  എന്ന ചിന്തയോട്  എനിക്ക്  യോജിപ്പില്ല . ഈ  സ്വര്‍ഗം  ഇപ്പോള്‍  ഇവിടെ  തന്നെ  ഉണ്ട് . നരകവും  ഇപ്പോള്‍  ഇവിടെ തന്നെ  ഉണ്ട് . നമ്മുടെ  മനോഭാവം  ആണ്   സ്വര്‍ഗം , നരകം  ഇവയെ  തീരുമാനിക്കുന്നത്‌ .
                  ഒരാളെ  കാണുമ്പോള്‍  ഞാന്‍ പെട്ടെന്ന്  എന്റെ  മനസിനു  ഇങ്ങനെ  ഒരു  നിര്‍ദേശം  കൊടുക്കും , എന്റെ ദൈവം  ആണിത് . അയാളുടെ  ശരീരം  അല്ല പിന്നെയോ  അയാളിലെ  ചൈതന്യം  ആണ്  എനിക്ക്  പ്രസക്തം . വ്യക്തികളെ  വെറും  ശരീരം  ആയി   മാത്രം  കാണുന്ന  രീതിയില്‍  മാറ്റം  വരണം . വ്യക്തികളെ  വെറും  ശരീരം  ആയി  കാണാതെ  ചൈതന്യം ആയി  നാം  തിരിച്ചറിയണം .ശരീരം  മാത്രമായി  നാം  വ്യക്തികളെ  മനസ്സില്‍  ആകുമ്പോള്‍  ആണ്  കൊല പാതകം  നടക്കുന്നത്  . പീഡനം  നടക്കുന്നത് . ചീത്തവിളി  നടക്കുന്നത് . എന്നാല്‍  നമ്മുടെ  ദൈവം ആയി , ചൈതന്യം ആയി  അവരെ  തിരിച്ചു  അറിയുമ്പോള്‍  നാം  അവരെ   തിരിച്ചറിയുമ്പോള്‍ , നാം  അവരെ  ബഹുമാനിക്കാന്‍  തുടങ്ങുന്നു .
                  ഇത്  ഒരു മണ്ടന്‍  ആശയമായി  ആദ്യം  തോന്നിയേക്കാം . എന്നാല്‍  ആശയത്തിനു  അല്ല  പ്രസക്തി  മറിച്ചു അതിന്റെ  പ്രയോഗത്തിന്  ആണ് . ആദ്യം  നിങ്ങളുടെ  വീട്ടില്‍  തുടങ്ങുക , നിങ്ങളുടെ  പിതാവിനെ  കാണുമ്പോള്‍  എന്റെ  ദൈവം  ആണ്  ഇത്  എന്ന്  മനസ്സില്‍  ഒരുവിടുക , ഭാര്യയെ  കാണുമ്പോള്‍  എന്റെ  ദൈവം  ആണിത്  എന്ന്  മനസ്സില്‍ പറയുക   . മക്കളെ  കാണുമ്പോള്‍  എന്റെ  ദൈവം  ആണിത്  എന്ന് പറയുക   . ക്രമേണ  നിങ്ങള്‍  കാണുന്ന  ഓരോരുത്തരിലും  ഈ ആശയം  പ്രയോഗിക്കുക . ഇത്   ഗവുരവമായി  എടുക്കാതെ  വെറും  കളി  ആയി  എടുക്കുക . ഞാന്‍  ഇത്  എന്റെ  വീട്ടില്‍  പരീക്ഷിക്കുന്നു . ഞാനുമായി  ഇടപെടുന്ന  എല്ലാവരിലും  പരീക്ഷിക്കുന്നു . അതിന്റെ  സന്തോഷം  അനുഭവിക്കുന്നു . അപ്പോള്‍  ഞാന്‍ പറഞ്ഞു  വന്നത്  നിങ്ങളാണ്  എന്റെ  ദൈവം  എന്നാണ് . എന്നില്‍  ആണ്  ദൈവ   ചൈതന്യം  അടങ്ങിയിരിക്കുന്നത്  എന്നാണ് . തൊട്ടു  മുന്‍പില്‍ ഉള്ള  മനുഷ്യരില്‍  ദൈവത്തെ  കാണാതെ , ആകാശത്തേക്ക്  നോക്കി  പിറ് പിരുക്കുവാന്‍  ഞാന്‍  ആഗ്രഹിക്കുന്നില്ല . ദൈവം ഇപ്പോള്‍ ഇവിടെ  നമുക്ക്  ചുറ്റിലും  നമ്മളിലും  ഉണ്ട്  അതിനെ  തിരിച്ചു  അറിയുക  ആണ്  പ്രധാനം .  ദൈവത്തെ  പറ്റിയുള്ള  എന്റെ  അഭിപ്രായം  ഞാന്‍  പറഞ്ഞു , ബഹുമാനപ്പെട്ട  വായനക്കാര്‍  നിങ്ങളുടെ  അഭിപ്രായം  പറയുമല്ലോ  . നന്ദി  ശുഭദിനം