Monday, April 28, 2014

ഒരു മൈക്രോ ഫോണ്‍ എങ്ങനെ ആണ് നിങ്ങളുടെ കുട്ടിയുടെ ആത്മവിശ്വാസം കൂട്ടുന്നത്‌ !!!!

ഒരു വേദിയില്‍ കയറി രണ്ടു വാക്ക് പറയുവാന്‍ , ഒരു പാട്ട് പാടുവാന്‍ , മടി കാണിക്കുന്നവന്‍  ആണോ നിങ്ങളുടെ കുട്ടി ... എങ്കില്‍  ഈ അവധി ക്കാലത്ത്  അവനെ ആത്മ വിശ്വാസം ഉള്ളവന്‍ / ഉള്ളവള്‍ ആക്കുവാന്‍ ഒരു എളുപ്പ മാര്‍ഗം ഉണ്ട് ..... അവനു ഒരു മൈക്രോ ഫോണ്‍ വാങ്ങി കൊടുക്കുക . അത് ഉപയോഗിച്ചു അവന്‍ പാടട്ടെ , പ്രസം ഗിക്കട്ടെ .... മനസ്സില്‍ തോന്നുന്നത് എന്തും പറയട്ടെ ..... അവന്‍റെ  ആത്മ വിശ്വാസം കൂടും
ഇപ്പോള്‍ ആരുടെ വീട്ടിലാണ് ഒരു vcd / DVD ഇല്ലാത്തതു .speaker ഉം കാണും  സൂക്ഷിച്ചു നോക്കിയാല്‍ അതില്‍ MIC ഒരു തുള കാണും . അവിടെ വെറും 250 രൂപ മുടക്കി ഒരു ഇലക്ട്രിക് കടയില്‍ നിന്നും ഒരു മൈക്രോ ഫോണ്‍ വാങ്ങി ഫിറ്റ് ചെയ്യുക .. അവനെ/അവളെ  സ്വതന്ത്രമായി അത് ഉപയോഗിക്കാന്‍ അനുവദിക്കുക . സ്പീക്കര്‍ ലൂടെ തന്റെ സ്വരം മുഴങ്ങി  കേള്‍ക്കുവാന്‍ ആര്‍ക്കു ആണ് ഇഷ്ടം ഇല്ലാത്തതു . അവര്‍ കവിതയും പാട്ടും ഒക്കെ തനിയെ പഠിക്കും .... ഈ അവധിക്കാലത്ത് കിങ്ങിനക്കും നോനമോനും ഞാന്‍ ഒരു മൈക്രോ ഫോണ്‍ സമ്മാനിച്ചു... ഇപ്പോള്‍ അവര്‍ മാറി മാറി പാട്ടുകള്‍ പാടുകയാണ് .... നാടകം അഭിനയിക്കുക യാണ് .... ഒരു ചാനലിന് മുന്‍പിലും ഇരിക്കാന്‍ അവരെ ഇപ്പോള്‍ കിട്ടുകയില്ല .....
അതുകൊണ്ട് ഇന്ന് തന്നെ നിങ്ങളുടെ കുട്ടിക്കും ഒരു മൈക്രോഫോണ്‍ സമ്മാനിക്കു .... അവരുടെ  ജീവിതത്തെ മാറ്റി മറിക്കു... അവരുടെ സന്തോഷം ഒന്ന് കാണുക!!!!
പ്രിയ വായനക്കാരെ ഞാന്‍ എന്റെ ഒരു അനുഭവം എഴുതി ... നിങ്ങള്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം

Saturday, April 26, 2014

വിത്ത് പാക്കറ്റിന് ഉള്ളിലെ ഭൂതം !!!!!


കൃഷി ചെയുവാന്‍ വിത്ത് വേണം

വിത്ത് ഇപ്പോള്‍ നമുക്ക് എവിടുന്നാണ് കിട്ടുന്നത്

കാര്‍ഷിക മേളകളില്‍ വിത്ത് വില്പനക്കാര്‍ തരുന്നു .... കൃഷി വകുപ്പിന്‍റെ കൃഷി ഭവനുകളില്‍ നിന്ന് വാങ്ങുന്നു ..... കൃഷി ചെയുന്ന  നാടന്‍ കര്‍ഷകരില്‍ നിന്ന് വാങ്ങുന്നു .... ചിലര്‍  വലിയ വിത്ത് കമ്പനികളുടെ  ഹൈബ്രിഡ്‌ വിത്തുകള്‍ വാങ്ങുന്നു

ശരിയല്ലേ
പക്ഷെ  വിത്ത് ഇപ്പോള്‍ ഒരു വലിയ  ആയുധം ആയി തീര്‍ന്നിരിക്കുക ആണ്


പഴയ കാലത്ത് കര്‍ഷകന്‍ വിത്തിന് വേണ്ടി ആരെയും ആശ്രയിച്ചിരുന്നില്ല . താന്‍ നട്ടു വളര്‍ത്തുന്ന  ചെടിയില്‍ ഏറ്റവും ആരോഗ്യം ഉള്ളത് അവന്‍ വിത്തിനായി നിര്‍ത്തിയിരുന്നു . അടുത്ത വര്ഷം കൃഷി ചെയ്യുവാന്‍  വിത്ത്  നാടന്‍ രീതിയില്‍ പരിരക്ഷിച്ചിരുന്നു . വിത്തിന്റെ കാര്യത്തില്‍ കൃഷിയുടെ കാര്യത്തില്‍ അവന്‍ സ്വതന്ത്രന്‍ ആയിരുന്നു .

കാലം മാറിയപ്പോള്‍ , വിത്തിന്റെ വിപണി കണ്ടറിഞ്ഞ വിദേശ  ഭീമന്‍ കമ്പനികള്‍ ,വിത്തിനുമേല്‍ പിടിമുറുക്കുകയാണ്

മോന്സന്ടോ എന്നും , കാര്‍ഗില്‍ എന്നും , മഹികോ എന്നും ഒക്കെ പറയുന്ന ഭീമന്മാര്‍ അവര്‍ പറയുന്ന വിലക്ക്  വിത്തുകള്‍ കര്‍ഷകന് വില്‍കുകയാണ്

ജനിതക മാറ്റം വരുത്തിയ വിത്തുകള്‍  ആണോ ഇതെന്നു നമുക്ക് അറിയില്ല
ഒരു സീസണ്‍ കഴിഞ്ഞാല്‍ , ഇതിന്‍റെ വിത്തുകള്‍ നമുക്ക് വീണ്ടും ഉപയോഗിക്കാന്‍ കഴിയുക ഇല്ല
വീണ്ടും ഒരു അടിമയെ പോലെ അവന്‍ ചോദിക്കുന്ന വില കൊടുത്തു നാം വിത്ത് വാങ്ങുന്നു
ബി റ്റി  പരുത്തി  വിത്തുകള്‍ ഉപയോഗിച്ചു കൃഷി ചെയ്തു കടക്കെണിയില്‍  ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കഥ നാം കേട്ടില്ലേ

നാം ആരുടേയും അടിമയല്ല


കൃഷി നാം ചെയുന്നത്   ആനന്ദത്തിനും   നമ്മുടെ വിശപ്പ് മാറ്റുവാനും ആണ്
വിത്ത് നമ്മുടെ സ്വാതന്ത്ര്യം ആണ്

അടുത്ത തവണ കൃഷി ചെയുമ്പോള്‍  നമ്മുടെ നാടന്‍ വിത്തുകള്‍  നാടന്‍ കര്‍ഷകരില്‍ നിന്നോ , കര്‍ഷക കൂട്ടായ്മകളില്‍ നിന്നോ വില കൊടുക്കാതെ വാങ്ങുക .... കൃഷി ചെയ്തു , രണ്ടോ മുന്നോ മൂട്  വിത്തിന് വേണ്ടി നിര്‍ത്തുക . വിത്ത് എടുത്തു  ആരില്‍ നിന്നാണോ വാങ്ങിയത് അവര്‍ക്ക് തിരിച്ചു നല്‍കുക .... വിത്ത് കച്ചവടം  ചെയേണ്ട സാധനം അല്ല ... പങ്കു വക്കേണ്ട ഒന്നാണ്

ഇനി  അടുത്ത തവണ വമ്പന്‍ കമ്പനിയുടെ ഹൈബ്രിഡ്‌ വിത്ത് പാക്കറ്റ് കാണുമ്പോള്‍  ആത്മഹത്യ ചെയ്ത പാവപ്പെട്ട പരുത്തി കര്‍ഷകരെ പറ്റി ഓര്‍ക്കുക .....
വിത്ത് പാക്കറ്റില്‍ ഒരു ഭൂതം ഒളിച്ചു ഇരിപ്പുണ്ട് ..... ലാഭ കൊതിയുടെ കരിം ഭൂതം ... ജനിതക മാറ്റത്തിന്‍ കരിഭൂതം .... നാടന്‍ വിത്ത് പങ്കു വക്കുക .... നമ്മുടെ സ്വാതന്ത്ര്യം കാത്തു  സൂക്ഷിക്കുക

പ്രിയ വായനക്കാരെ ഞാനും ഇന്നുമുതല്‍ വിത്തിന്റെ കാര്യത്തില്‍ സ്വയം പര്യപ്തതനേടണം എന്ന് ആഗ്രഹിക്കുന്നു ..... ഒരു ചുവട് വിത്തിന് വേണ്ടി  മാറ്റി വക്കും ... വായനക്കാര്‍ അഭിപ്രായം പറയണം .. നന്ദി .... നമസ്കാരം ...
Friday, April 25, 2014

എന്താണ് ഈ ജൈവ കൃഷി ?

ജൈവ കൃഷി വേണം , അത് നല്ലതാണു എന്നൊക്കെ നാം ധാരാളം  കേട്ടുകാണും . എന്താണ് ഈ ജൈവ കൃഷി ? ഉത്തരം തന്നത്  കേരളത്തിലെ ജൈവ കൃഷിയുടെ ആചാര്യനായ  ശ്രീ  ദയാല്‍ സാര്‍ ആയിരുന്നു
കേരള ജൈവ കര്‍ഷക സമിതിയുടെ 22 മത്  സംസ്ഥാന സംഗമം ആയിരുന്നു വേദി
ജൈവ കൃഷി എന്ന് പറഞ്ഞാല്‍  വെറും ജൈവ വളം ഉപയോഗിക്കുന്ന കൃഷി എന്നല്ല അര്‍ഥം .. അത് ജൈവ വള കൃഷി ആണ്
ജീവനെ ആധാരം ആക്കിയുള്ള കൃഷി ആണ് ജൈവ കൃഷി .... മണ്ണിലും , പ്രകൃതിയിലും ഉള്ള ഒന്നിനെയും കൊല്ലാതെ , മണ്ണില്‍ നിന്നും ആവശ്യം ഉള്ളത് മാത്രം വിളയിച്ചു എടുക്കുകയാണ് വേണ്ടത്
ജൈവ കൃഷിയില്‍ രാസ വളങ്ങള്‍, കീട നാശിനികള്‍ മുതലായവ ഉപോയോഗിക്കാന്‍ പാടില്ല . അവ മണ്ണിലെ കോടാനുകോടി സൂക്ഷ്മ ജീവികളെ ഇല്ലാതാക്കി മണ്ണിനെ കൊല്ലുന്നു. മനുഷ്യനെ കൊല്ലുന്നു
ജൈവ കൃഷി ഒരു ജീവിത രീതിയാണ്‌ .... സഹജീവികളോടുള്ള സ്നേഹം ആണ്
അത്തരം കൃഷി നമുക്ക് ആദായവും ആനന്ദവും തരുന്നു
ജൈവ കൃഷിയെപറ്റി കൂടുതല്‍ കാര്യങ്ങള്‍ വരുന്ന പോസ്റ്റുകളില്‍ വായനക്കാര്‍ അഭിപ്രായം പറയണം ... നന്ദി .... നമസ്കാരം
സമ്മേളന വേദി

കാര്‍ഷിക സംസ്ക്കാരത്തിന്‍ തിരു ശേഷിപ്പുകള്‍

ദയാല്‍ സാര്‍ സംസാരിക്കുന്നു

കൃഷി സ്നേഹികള്‍ ... നല്ല മനസുള്ളവര്‍
 

Thursday, April 24, 2014

ജൈവ കൃഷി യെ പരിചയപ്പെടണോ .... നാളെ അടൂരിന് അടുത്തുള്ള തുവയൂര്‍ തെക്ക് GLPS ഇല്‍ വരൂ !!!!

കൃഷി മണ്ണിനോടുള്ള പ്രാര്‍ത്ഥനയാണ് .....

ജൈവ കൃഷി എന്ന് പറഞ്ഞാല്‍ ജൈവ വളം ഉപയോഗിച്ചുള്ള വെറും കൃഷി എന്നല്ല ജീവനെ ആധാരം ആകിയുള്ള കൃഷി എന്നാണ് .....

ഇങ്ങനെ ജൈവ കൃഷിയുടെ സമസ്ത  മേഖലകളെപറ്റി, കണ്ടറിയുകയും കേട്ടറിയുകയും ചെയുവാന്‍ ഒരു നല്ല അവസരം

കേരള ജൈവ കര്‍ഷക സമിതിയുടെ സംസ്ഥാന സംഗമം  അടൂരിന് അടുത്തുള്ള തുവയൂര്‍ തെക്ക് മാഞ്ഞാലി GLPS SCHOOL  വച്ച്  ഏപ്രില്‍ 25 26 27 തീയതികളില്‍ നടക്കുകയാണ്
കൃഷിയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഇത് ഒരു പുത്തന്‍ അനുഭവം ആയിരിക്കും . ഉത്ഘാടനം  ആദരണീയായ സുഗത കുമാരി നിര്‍വഹിക്കും .... സ്വാഗതം ....
പരിപാടിയുടെ ഒരു നോട്ടിസ് ഇതോടൊപ്പം ചേര്‍ക്കുന്നു .... വായിച്ചു അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം .....


Saturday, April 19, 2014

ഒരു ഓലേഞ്ഞാലി പക്ഷിയുടെ മരണം

                                   
പാവം ഓലേഞ്ഞാലി

ആ കഴുകന്‍ കൊത്തിയത് ആയിരിക്കും .... കിങ്ങിന

കുട്ടികള്‍ ഫീല്‍ഡ് ഗയിഡില്‍ നോക്കി പക്ഷിയെ തിരിച്ചു അറിയുന്നു

തിരികെ മണ്ണിലേക്ക്

ഇന്ന് രാവിലെ ഉണര്‍ന്നു എണീറ്റപ്പോള്‍ കേട്ടത് ഒരു മരണ വാര്‍ത്തയാണ് . എടാ  ഗേറ്റി നു  വെളിയില്‍ റോഡില്‍ ഒരു കിളി ചത്ത്‌ കിടക്കുന്നു , പാലും വാങ്ങി വന്ന പപ്പാ പറഞ്ഞു . ഞാന്‍ റോഡിലേക്ക് ചെന്നു. അവിടെ ഒരു ഓലെഞാലി  പക്ഷിയുടെ മരവിച്ച ശരീരം . ദേഹത്ത് മുറിവുകള്‍ ഒന്നും കാണാനില്ല . ഉറുമ്പ്  അരിച്ചു തുടങ്ങിയിട്ടുണ്ട് . കരണ്ട്  കമ്പിയുടെ നേരെ  താഴെ ആണ് കിടകുന്നത് , ഒരു പക്ഷെ ഷോക്ക്‌ അടിച്ചത് ആവണം  ഞാന്‍ പെട്ടെന്ന്  വീടിനു ഉള്ളിലേക്ക് വന്നു . കിഞ്ഞിനയും നോനമോനും ഉണര്‍ന്നു എങ്കിലും  കിടക്കുകയാണ് . മോളെ നമ്മുടെ ഗേറ്റിനു അടുത്ത് ഒരു പക്ഷി ചത്ത്‌ കിടക്കുന്നു . കേട്ട പാതി കേള്‍ക്കാത്ത  പാതി കുട്ടികള്‍ രണ്ടു പേരും ഒറ്റ ഓട്ടം, രണ്ടു പേരും പക്ഷി യുടെ അടുത്ത് എത്തി . നോനമോന്റെ കൈയില്‍  പക്ഷികളുടെ ഒരു ഫീല്‍ഡ് ഗൈഡ് ഉണ്ടായിരുന്നു . അതുമായി ഒത്തു നോക്കി അവര്‍ പക്ഷി ഏതാണ് എന്ന് കണ്ടു പിടിച്ചു . ഓലേഞ്ഞാലി ആണ് എന്ന് ഞാന്‍ പറഞ്ഞു കൊടുത്തില്ലയിരുന്നു. പക്ഷി എങ്ങനെ ചത്തു എന്നതിനെ പറ്റി കിങ്ങിണ ഒരു നിഗമനത്തില്‍ എത്തി . അവള്‍ പറഞ്ഞു , അപ്പാ, ഞാന്‍ ഇന്നലെ ഒരു കഴുകനെ കണ്ടിരുന്നു , അത് ഈ കിളിയെ കൊത്തി കൊന്നതാകും . കഷ്ട്ടം ഇതിന്റെ  പപ്പയും മമ്മിയും കരയുക ആകും !!!! അവളുടെ പറച്ചില്‍ കേട്ട് ഞങ്ങള്‍ ചിരിച്ചു ... പിന്നീട് പറഞ്ഞു മോളെ  ഈ പക്ഷി മരിച്ചത് പോലെ നാളെ നമ്മളും മരിക്കും .... അതെ പ്രായം ആകുമ്പോള്‍ അല്ലെ  അവള്‍ പൂരിപിച്ചു . ഞാന്‍ വീടിന്‍റെ മതിലിനോട് ചേര്‍ന്ന് ഒരു കുഴി എടുത്തു . നോനമോന്‍  ആ ഓലേഞ്ഞാലിയുടെ  ശരീരം അടക്കം ചെയ്തു
ഇത് ഒരു ചെറിയ സംഭവം ആയിരിക്കും ... പക്ഷെ ഇതില്‍ നിന്നും നമ്മുടെ കുട്ടികള്‍ക്ക് പലതും പഠിക്കുവാന്‍ ഉണ്ട്
പക്ഷികളെ പറ്റി .....
നമ്മുടെ  അതിരിന് വെളിയില്‍  റോഡില്‍ ഒരു  ജീവി ചത്ത്‌ കിടന്നാല്‍ അതിനെ മറവു ചെയേണ്ടത് നമ്മുടെ ചുമതല ആണെന്നും അതില്‍ നിന്നും ഒഴിഞ്ഞു മാറരുത് എന്നതിനെപറ്റി ....
ജീവിതം ഇത്രയൊക്കെയേ ഉള്ളു എന്നതിനെ പറ്റി.....
ഒരു തൂമ്പ കൊണ്ട് എനിക്ക് തന്നെ മറവു ചെയുവാന്‍ കഴിയുമായിരുന്ന ഒരു കാര്യം കുട്ടികളെ കൂടി ഉള്‍പെടുത്തി ചെയിച്ചപ്പോള്‍ അത് അവര്‍ക്ക് ഒരു അനുഭവം ആയി തീര്‍ന്നു ... അതിലൂടെ ഒത്തിരി കാര്യങ്ങള്‍ പറയാതെ പറയുവാന്‍ കഴിഞ്ഞു ....
ഓലേഞ്ഞാലി  പക്ഷിക്ക് പ്രണാമം
പ്രിയ വായനക്കാരെ ഞാന്‍ എന്റെ ഒരു അനുഭവം എഴുതി ... നിങ്ങള്‍ അഭിപ്രായം പറയണം ...നന്ദി ... നമസ്കാരം ...

Thursday, April 17, 2014

ഈയലകള്‍ വിരുന്നു വന്ന പെസഹ !!!!


നാം തീരെ പ്രതീക്ഷിക്കാത്ത രീതിയില്‍ ആണ് പ്രകൃതി ഇടപെടുന്നത് . ഇന്ന്ഇത്തരം ഒരു അനുഭവം ഞങ്ങള്‍ക്ക് ഉണ്ടായി . ഞങ്ങളുടെ അറത്തില്‍ മഹാ ഇടവക പള്ളിയില്‍ ഇന്ന് വെളുപ്പിന് രണ്ടു മണിക്ക് പെസഹ എന്നാ ക്രിസ്തുവിന്‍റെ അന്ത്യ അത്താഴം സ്മരിക്കുന്ന  ആരാധന നടക്കുക ഉണ്ടായി .പള്ളി നിറയെ തൂ വെളിച്ചം പരത്തുന്ന പല തരം വിളക്കുകള്‍ ഉണ്ട് . വെളുപ്പിനെ ഏതാണ്ട് മൂന്നു മണി ആയപ്പോല്‍ കുഞ്ഞി ചിറകുകള്‍ ആഞ്ഞു വീശി നൂറു കണക്കിന് ഈയലുകള്‍  പള്ളിയില്‍ കയറി വന്നു . ഓരോ നിമിഷം കഴിയുംതോറും ഇരുളില്‍ നിന്നും പള്ളിക്കുള്ളിലെ വെളിച്ചം കണ്ടു കൂട്ടമായി അവ വന്നു . പള്ളിക്കുള്ളില്‍ നില്‍കുന്ന ഓരോ ആളിനെയും ഈയല്‍ പൊതിഞ്ഞു . എന്റെ ദേഹത്തും വന്നിരുന്നു അഞ്ച് എണ്ണം . അവ മാലാഖ മാരെ പോലെ ചിറകുകള്‍ വീശി നൃത്തം ചെയുന്നത് ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു . അവയുടെ ദേഹം കറുത്ത് ഇരുന്നു . നല്ല മഴ പുറകെ വരുന്നു എന്നുള്ളതിന്റെ സൂചന . കൊച്ചു കുട്ടികളില്‍ ചിലര്‍ പേടിച്ചു പോയി . കുറെ കഴിഞ്ഞപ്പോള്‍ നിലത്ത് ചിറകുകള്‍ നഷ്ട്ടപെട്ടു ഇഴയുന്ന ഈയലുകളെ കണ്ടു . ഒന്നിന് പിറകെ ഒന്നായി അവ നീങ്ങി കൊണ്ട് ഇരുന്നു . ഈയലുകള്‍  പള്ളിക്കു ഉള്ളിലേക്ക് പറന്നു കയറുന്നതിന്റെ  ഇരമ്പം കേള്‍ക്കുവാന്‍ കഴിഞ്ഞു. വെട്ടം വീണതോടെ അവ പള്ളി വിട്ടു പോയി . നിലത്ത് അവയുടെ ചിറകുകള്‍ പൊഴിഞ്ഞു കിടന്നിരുന്നു . ഇത്തവണത്തെ പെസഹ  ഈയലുകളുടെ ഇടപെടലോടെ അവിസ്മരണീയ അനുഭവം ആയി . ഒന്നോര്‍ത്താല്‍ മനുഷ്യ ജീവിതവും ഈ ഈയലുകളെ പോലെ അല്ലെ . വെളിച്ചം എന്ന സുഖം തേടി ചെറുപ്പത്തില്‍ ചിറകുകള്‍ വീശി നാം പറക്കുന്നു . അല്പം കഴിയുമ്പോള്‍ ചിറകുകള്‍ കൊഴിചു കൊണ്ട് മരണം നമ്മെ തേടി വരുന്നു . നാമും ഈയലുകള്‍ ആണ് ചിറകുകള്‍ ഇല്ലാത്ത ഈയലുകള്‍ .....
ഞാന്‍ എന്റെ ഒരു അനുഭവം എഴുതി ... വായനക്കാര്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം

Tuesday, April 15, 2014

മുറ്റത്തെ കൊച്ചു പാടത്തു ചാലു കീറി വിത്തിട്ടു, വിഷു അര്‍ത്ഥ പൂര്‍ണം ......

ഇത്തവണത്തെ വിഷു ഞങ്ങളെ സംബന്ധിച്ച് അര്‍ത്ഥ പൂര്‍ണം ആയി . രാവിലെ കണി കണ്ടു വെറുതെ ഇരികുമ്പോള്‍ ആണ് രണ്ടു വര്ഷം മുന്‍പുള്ള ഒരു കേരള കര്‍ഷകന്‍ മാസിക കാണുന്നത് . വിഷു പതിപ്പ് ആയിരുന്നു അത് . അതിലെ ഒരു വാചകം മനസ്സില്‍ തട്ടി
സൂര്യനെയും ഭൂമിയേയും വണങ്ങി , പരുവ പെടുത്തി ഇട്ടിരിക്കുന്ന വയലില്‍ വിത്തിടുക എന്ന കര്‍മം ആണ് വിഷു ദിനത്തില്‍ കര്‍ഷകന്‍ ചെയുന്നത്
ഈ വാചകം എന്‍റെ മനസ്സില്‍ തട്ടി . ഞാന്‍ പല ആവര്‍ത്തി ഈ വാചകം വായിച്ചു . മുറ്റത്ത്‌ ടാര്‍പോളിന്‍ ഷീറ്റ് വിരിച്ചു അതില്‍ മണ്ണ് നിറച്ചുഒരു വര്ഷം മുന്‍പ്  ഉണ്ടാക്കിയ കൊച്ചു പാടം എന്‍റെ മനസ്സില്‍ ഓടി എത്തി ..... അത് പോച്ച കയറി കിടക്കുക ആയിരുന്നു . എന്ത് കൊണ്ട് ഈ വിഷു ദിവസം അവിടെ ചാലു കീറി വിത്ത് ഇട്ടു കൂടാ . കഴിഞ്ഞ വര്ഷം കൃഷിയില്‍ നിന്നും കിട്ടിയ അല്പം വിത്ത് ബാക്കി ഉണ്ടായിരുന്നു ......പെട്ടെന്ന്  വിത്ത് വെള്ളത്തില്‍ ഇട്ടു ....നേരം വെളുത്ത് ഉടനെ കുട്ടികളെയും കൂട്ടി പാടം വൃത്തി ആക്കി . കുട്ടികള്‍ ചാലു കീറി .... വിത്തിട്ടു .... പാടങ്ങള്‍ നികത്തി വീട് പണിയുന്ന കാലം കെട്ട കാലത്ത് മുറ്റത്ത്‌ ടാര്‍പോളിന്‍  ഷീറ്റില്‍ ഉണ്ടാക്കിയ താത്കാലിക പാടത്തു കുട്ടികളെയും കൂട്ടി വിത്ത് ഇട്ടതിന്റെ ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു ... കാണുക .... അഭിപ്രായം പറയുക .... ഈ വിഷു  മണ്ണില്‍ വിത്ത് ഇട്ടതോടെ ഞങ്ങളെ സംബന്ധിച്ച് ജീവനുള്ള ഒരുആഘോഷം ആയി മാറി ... മണ്ണില്‍ ഇട്ട വിത്തുകള്‍ കിളിര്‍ത്ത് വരുമെന്ന പ്രതീക്ഷയോടെ ......
കഴിഞ്ഞ മുറ്റത്തെ കൃഷിയിലെ വിത്ത്
വിത്ത് വെള്ളത്തില്‍ കുതിര്‍ത്തു
കാട് പിടിച്ച മുറ്റത്തെ ടാര്‍പോളിന്‍ പാടം
പാടം പരുവപെടുതാന്‍ കുട്ടി സേന
കിങ്ങിനയും നോനമോനുംഅവരുടെ കൊച്ചു പാടം പരുവ പെടുത്തുന്നു
ചാലു കീറാന്‍ ഒരു കൈ സഹായം
നോനമോന്‍ ചാലു കീറുന്നു
കീറിയ ചാലില്‍ വിത്ത് ഇടുന്നു
പാടത്ത്വിത്ത് വീണപ്പോള്‍ വിഷു ഗംഭീരം

Monday, April 14, 2014

വീട്ടില്‍ വിളഞ്ഞ വിഷുകണി അഥവാ നാടന്‍ വിഷുകണി !!!!


അങ്ങനെ ഞങ്ങളും വിഷു കണി കണ്ടു . ഒരു നാടന്‍ വിഷു കണി . വീട്ടില്‍ വിളഞ്ഞ വിഷുകണി . ഗ്രോബാഗില്‍ വിളഞ്ഞ വെള്ളരിയും , ചാക്കില്‍ വിളഞ്ഞ ചേനയും , പറമ്പിലെ കൊച്ചു ചക്കയും , ഒക്കെ ചേര്‍ന്ന് സ്വന്തം മണ്ണില്‍ വിളഞ്ഞ വയാണ് ഇന്ന് കണി കണ്ടത് എന്നൊരു സന്തോഷം ഉണ്ട് . ഈ വിഷു പുതിയ ഒരു കാര്‍ഷിക സംസ്കാരത്തിന്റെ തുടക്കം ആകട്ടെ . കൃഷി ചെയുന്ന കച്ചവടക്കാരനും , കൃഷി ചെയുന്ന സര്‍ക്കാര്‍ ജീവനക്കാരനും , കൃഷി ചെയുന്ന  അധ്യാപകനും , കൃഷി ചെയുന്ന വിദ്യാര്‍ത്ഥിയും ആണ് ഇന്നിന്‍റെ ആവശ്യം . എല്ലാ വായനക്കാര്‍ക്കും  ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ........ നിങ്ങളുടെ അഭിപ്രായം പറയണം . കൂടുതല്‍ വായനക്ക് http://insight4us.blogspot.in/2012/08/blog-post_19.htmlനന്ദി ... നമസ്കാരം

Sunday, April 13, 2014

കുറഞ്ഞ ചിലവില്‍ സര്‍ക്കാര്‍ സബ്സിഡിയോടെ ഒരു സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വേണോ ?

കുറഞ്ഞ ചിലവില്‍ സര്‍ക്കാര്‍ ധന സഹായത്തോടെ  ഒരു സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വീട്ടില്‍ സ്ഥാപിക്കു .... അനെര്‍ട്ട്‌ മുഖേന 3000 രൂപയും കേന്ദ്ര സര്‍ക്കാര്‍ മുഖേന 4000 രൂപയും  അടക്കം ഏതാണ്ട്  ഏഴായിരം രൂപ  ഒരു 100 ലിറ്റര്‍  സോളാര്‍ വാട്ടര്‍ ഹീറ്റര്‍  സ്ഥാപിക്കുമ്പോള്‍  നമുക്ക് സബ്സിഡി കിട്ടും ....അതിനു വേണ്ടി ആദ്യം  ANERT ന്‍റെ താഴെ പറയുന്ന  വെബ്സൈറ്റ് സന്ദര്‍ശിച്ചു  ഫോം ഡൌണ്‍ലോഡ് ചെയ്തു  reg no  വാങ്ങുക അതിനു ശേഷം anert തന്നിരിക്കുന്ന  ലിസ്റ്റില്‍ നിന്നും ഇഷ്ടമുള്ള കമ്പനിയുടെ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വാങ്ങുക . install  ചെയ്ത ശേഷം  അനെര്‍ട്ട് സബ്സിഡി  ക്ക്  വേണ്ടി അപേക്ഷിക്കാം ലിങ്ക് ഇതാ ANERThttp://anert.gov.in/index.php?option=com_content&view=article&id=180:solar-thermal-programme-2013-14-solar-water-heating-systems&catid=18:curr-re-prog&Itemid=52
എനിക്ക് കിട്ടിയ ഒരു അറിവ് ഞാന്‍ പങ്കു വച്ചു വായനക്കാര്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം

Friday, April 4, 2014

ഫോട്ടോ വോട്ടര്‍ സ്ലിപ് വിതരണം ..... ചില അനുഭവങ്ങള്‍ !!!!വെട്ടിയാര്‍ ഇരട്ട പള്ളിക്കൂടത്തിലെ  ബൂത്ത്‌ ലെവല്‍ ഓഫീസര്‍ BLO ആയി കൂടി ജോലി ചെയുന്നതിനാല്‍ഇത്തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി  വോട്ടര്‍ പട്ടികയില്‍ ഉള്പെട്ടവര്‍ക്ക്  ഫോട്ടോ പതിച്ച സ്ലിപ് വിതരണം ചെയുന്ന തിരക്കില്‍ ആയിരുന്നു . ആയിരത്തില്‍ അധികം ആളുകള്‍ക്ക് സ്ലിപ് വിതരണം നടത്തുവാന്‍ ഉണ്ട് .ഞാന്‍ തനിയെ പോയാല്‍ താമസം നേരിടുന്നതിനാല്‍ , ലീനയും എന്നെ സഹായിക്കുവാന്‍ വരുന്നുണ്ട്. ഞങ്ങള്‍ രണ്ടു പേരും രാവിലെ വീടുകളില്‍ ചെല്ലും . ലീന സ്ലിപ് മുറിച്ചു കൊടുക്കും . ഞാന്‍ ആളുകളെ കൊണ്ട് ഒപ്പ് ഇടുവിക്കും . ഈ യാത്രക്കിടയില്‍ ഞങ്ങള്‍ക്ക് ഉണ്ടായ ചില അനുഭവങ്ങള്‍

1) ചില ആളുകള്‍ ഭരണത്തോടുള്ള അവരുടെ അമര്‍ഷം നമ്മളോട് പ്രകടിപ്പിക്കും . ഇത്തവണ ആര്‍ക്കും വോട്ടു ചെയില്ല , ഞങ്ങളുടെ ഭാഗത്തേക്ക്‌ വരേണ്ട എന്നൊക്കെ പറയുന്ന ആളുകള്‍ ഉണ്ട് . എല്ലാം ഒരു ചിരിയോടെ കേള്‍ക്കും . നമ്മളുടെ  ചുമതല നിര്‍വഹിക്കും . അല്ലാതെ എന്ത് ചെയ്യാന്‍ !!!
2)തങ്ങളുടെ വോട്ടു  ഒരു കാരണവശാലും നഷ്ട്ട പെടരുത് എന്ന്  ചിന്തിക്കുന്നവരും കൂട്ടത്തില്‍ ഉണ്ട് . ഒരു വീട്ടില്‍ ചെന്നു. വലിയ വീടാണ് . മക്കള്‍ എല്ലാം വെളിയില്‍ . അപ്പനും അമ്മയും മാത്രം നാട്ടില്‍ . അവിടുത്തെ അമ്മൂമ്മ പറഞ്ഞു , മോനെ ഞാന്‍ ഇത്തവണ തീര്‍ച്ചയായും വോട്ടു ചെയും , നമ്മുടെ ഒരു വോട്ടിന്‍റെ കുറവ് കൊണ്ട് ആരും തോല്കരുത് !!
3)കത്തുന്ന വെയിലത്ത്‌ കയറി ചെല്ലുമ്പോള്‍ ,ഒന്ന് ഇരിക്കാന്‍ പറയുന്നവരോ , ഒരു ഗ്ലാസ്‌ വെള്ളം വേണോ എന്ന് ചോദിക്കുന്ന ആളുകളോ വളരെ ചുരുക്കം . മിക്കയിടത്തും കാല്‍ മുട്ടില്‍ വച്ച് കൊണ്ടാണ് എഴുതിയത് . എന്നാല്‍ ചില പാവപ്പെട്ട വീടുകളില്‍ ചെല്ലുമ്പോള്‍  വാ മോനെ കയറി വന്നാട്ടെ എന്ന് പറഞ്ഞു സ്വീകരികുന്നവരെയും കണ്ടു

ബഹു  ജനം പല വിധം എന്ന ചൊല്ല് വളരെ അര്‍ത്ഥ മുള്ളതാണ്. ജനാധിപത്യ ത്തെ നില നിര്‍ത്തുവാനുള്ള  വോട്ടെടുപ്പ് പ്രക്രിയയില്‍ ജനങ്ങളെ സഹിയിക്കുവാന്‍ കിട്ടിയ ഈ ചെറിയ അവസരത്തിന് വളരെ സന്തോഷം ഉണ്ട് . എല്ലാവരും തങ്ങളുടെ വോട്ടു നീതിപൂര്‍വം വിനിയോഗികുമ്പോള്‍ ജനാധിപത്യം ശക്തമാക്കപെടുന്നു
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം

Wednesday, April 2, 2014

കുടുംബ ബന്ധം ശക്തമാക്കുന്ന ചക്ക !!!!!

                
  വീണ്ടും ഒരു ചക്ക കാലം കൂടി വരവായി .വെറും ഒരു ഭക്ഷണം എന്നതില്‍ ഉപരിയായി നമ്മുടെ കുടുംബത്തില്‍ കൂട്ടായ്മ വളര്‍ത്തുന്നതില്‍ ചക്കക്ക് ഒരു വലിയ പങ്കു ഉണ്ട്
                    ഞങ്ങളുടെ വടക്കേ പറമ്പില്‍ നില്‍കുന്ന വരിക്ക പ്ലാവില്‍ ഒരു ചക്ക വിളഞ്ഞെന്നു പപ്പാ ആണ് പറഞ്ഞത് . പപ്പയേം കൂട്ടി പോയി വിളഞ്ഞു എന്ന് ഉറപ്പു വരുത്തിയിട്ടു  ആ ചക്ക ഇട്ടു കിണറിന്‍ ചുവട്ടില്‍ ഇരുന്നു വെട്ടി പകുത്തു .  അരക്ക് ഒത്തിരി ഉണ്ടായിരുന്നു . എണ്ണയും ചകിരിയും ഉണ്ടായിരുന്നത് കൊണ്ട് രക്ഷ പെട്ടു. ചക്ക വെട്ടി മുറിച്ചു  ചുള വേര്‍ പെടുതുന്നതാണ്  അല്പം കട്ടിയുള്ള പണി ചുള പറിച്ചു വച്ചു.കിങ്ങിനയും നോന മോനും പപ്പയും  സഹായിച്ചു  ഇനി ലീനയുടെ ജോലി . ചക്ക വേവിക്കുന്നത് .....

                          ഉച്ചക്ക് വീട്ടില്‍ വന്നപ്പോള്‍ , ചൂട് ചക്കയും , കല്ലില്‍ അരച്ച മാങ്ങാ ചമ്മന്തിയും  പച്ച മോരും റെഡി ......

എന്തൊരു രുചി ആയിരുന്നു ചക്ക വേവിച്ചതും ചമ്മന്തിയും പച്ചമോരും കൂടി ഇളക്കി കൂട്ടി കഴിക്കാന്‍ . ഉച്ചക്ക് ചോര്‍ കഴിച്ചില്ല ചക്ക മാത്രം

ചക്ക കഴിച്ചു കഴിഞ്ഞു ഞാന്‍ ലീനയോടു പറഞ്ഞു ചുമ്മാതല്ല ചക്കയും ചീനിയും ഒക്കെ പഞ്ച നക്ഷത്ര ഹോട്ടലിലെ മെനുവില്‍ ഇടം നേടിയത്

ഇനി ഓരോ ആഴ്ചയും ഒരു ചക്ക വീതം ഇട്ടു വേവിച്ചും , വറത്തും ഒക്കെ കഴിക്കാന്‍ ആണ് ഞങ്ങളുടെ പരിപാടി
കുടുംബത്തില്‍ എല്ലാവരും കൂടി ഒത്തു ചേര്‍ന്നാല്‍ ചക്ക ശരിയാക്കുന്നത് എളുപ്പം ഉള്ള ഒരു പണി ആകും . ഒരു ആള്‍ തന്നെ ചെയുമ്പോള്‍ ആണ് ബുദ്ധി മുട്ട് .
ചക്ക നമ്മുടെ കുടുംബ  ബന്ധം ശക്തി പെടുത്തുന്നു . ഒരു മുറി ചക്ക നാം അയല്‍ പക്കവും ആയി പങ്കു വക്കുമ്പോള്‍ , വീട്ടിലെ എല്ലാവരും ഒത്തു ചേര്‍ന്ന്  വട്ടത്തില്‍ ഇരുന്നു ചക്ക വൃത്തിയാക്കുന്ന ജോലി പങ്കു വച്ചു ചെയുമ്പോള്‍ , പാകം ആകിയ  ചക്ക ഒന്നിച്ചിരുന്നു കഴിക്കുമ്പോള്‍ നമ്മുടെ ബന്ധങ്ങള്‍ ശക്തമാകുകയല്ലേ ചെയുന്നത് . അതാണ് പറഞ്ഞത് ചക്ക കുടുംബ ബന്ധം ശക്തമാക്കുന്നു എന്ന്
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി നിങ്ങള്‍ അഭിപ്രായം പറയണം നന്ദി ... നമസ്കാരം