Thursday, April 13, 2017

മണ്ണിന്റെ കൈയ്യൊപ്പ് പതിഞ്ഞ വിഷുക്കണി


അതിരാവിലെ എഴുന്നേറ്റു . അടുക്കളയിലെ സ്റ്റോറിൽ നിന്നും ഓട്ടുരുളി  എടുത്ത് തലേ ദിവസം തന്നെ തയ്യാറാക്കി വച്ചിരുന്ന ചക്ക ,വെള്ളരി, കണിക്കൊന്ന, നാളീകേരം , നാരങ്ങ, വാഴപ്പഴം ,എഴുത്തോല എന്നിവ അതിൽ ക്രമീകരിച്ചു . നിലവിളക്ക് കത്തിച്ചു. ഇനി എല്ലാവരേയും വിളിച്ചുണർത്തി കണി കാണിക്കണം മണ്ണിന്റെ കൈയ്യൊപ്പുള്ള വിഷുക്കണി ...നന്ദി.... നമസ്ക്കാരം


വീട്ടുമുറ്റത്ത് കണി വെള്ളരി വിളഞ്ഞപ്പോൾ

വീട്ടുജോലിക്കും ഓഫീസ് ജോലിക്കും ഇടയിൽ കിടന്ന് ശ്വാസം മുട്ടുമ്പോഴും മനസ്സിൽ ഒരാഗ്രഹം ഉണ്ടായിരുന്നു. ഇത്തവണത്തെ വിഷുവിന് കുട്ടികളെ കണി കാണിക്കുവാൻ വീട്ടുമുറ്റത്തു നിന്നും പറിച്ചെടുത്ത ഒരു വെള്ളരിക്ക എങ്കിലും വേണം. അതിനു വേണ്ടി ദിവസം അരമണിക്കൂർ കൃഷിക്കായി ചെലവഴിക്കുവാൻ തീരുമാനിച്ചു.എല്ലാ ദിവസവും സാധിച്ചില്ല എങ്കിലും ആഴ്ചയിൽ ശരാശരി മൂന്നു ദിവസം അരമണിക്കൂർ കൃഷിക്കു വേണ്ടി മാറ്റി വയ്ക്കുവാൻ കഴിഞ്ഞു. ഒരു ദിവസം തടം ഒരുക്കും അടുത്ത ദിവസം മണ്ണിൽ ജൈവവളം ചേർക്കും അതിനടുത്ത ദിവസം വെള്ളരി വിത്തിടും അങ്ങനെ അങ്ങനെ. പരിശ്രമത്തിന് പ്രകൃതി (ഈശ്വരൻ ) ഫലം തന്നു . കിങ്ങിണ മോളേപ്പോലെ ഒരു കൊച്ചു കണിവെള്ളരി ... നന്ദി : നമസ്ക്കാരം

Sunday, March 12, 2017

കുംഭ ചേന കുടത്തോളം

ഇന്ന്  കുംഭ മാസത്തിലെ   വെളുത്ത വാവ് ദിവസം . നമ്മുടെ പൂര്‍വികര്‍ പരമ്പരാഗതമായി മണ്ണില്‍ ചേന വിത്ത് നടുന്ന ദിവസം . ഇന്ന് നടുന്ന വിത്ത് വളര്‍ന്നു കരുത്തോടെ പൂര്‍ണ ചന്ദനെ പോലെ യുള്ള വലിപ്പമുള്ള ചേന തരും എന്നാണ് വിശ്വാസം . അനുഭവങ്ങള്‍ ഈ വിശ്വാസത്തിനു ബലം നല്‍കുന്നു . നോനമോനെയും കിങ്ങിനയെയും ചേന നടുവാന്‍ കൂടെ കൂട്ടി . ഏഴ് ദിവസം മുന്‍പേ ഒരു ചേന മുന്നായി മുറിച്അരഞ്ഞാണംപോകാതെമുളകളഞ്ഞു   ചാണകപാലില്‍മുക്കിതണലത്തുവച്ച്ഉണക്കിയിരുന്നു .അതാണ്ഇന്ന്നട്ടത് .കുടത്തോളംവലിപ്പമുള്ളചേനതന്നുപ്രകൃതിഅനുഗ്രഹിക്കും .....നന്ദി

Monday, February 13, 2017

ഫെബ്രുവരി 13 ലോക റേഡിയോ ദിനം

ഇന്ന് ലോക റേഡിയോ ദിനം. ഞങ്ങളുടെ ഓരോ ദിവസവും ആരംഭിക്കുന്നത് റേഡിയോയിൽ രാവിലെ 5.55 നുള്ള സുഭാഷിതം കേട്ടുകൊണ്ടാണ്. ആശയ വിനിമയത്തിനും അറിവിനുമുള്ള ഏറ്റവും നല്ല മാധ്യമമാണ് റേഡിയോ നമ്മുടെ ഭാവനാശക്തിയെ റേഡിയോ പുഷ്ടിപ്പെടുത്തുന്നു. നിങ്ങളാണ് റേഡിയോ എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം. കേൾവിയുടെ നന്മയോടൊപ്പം സമയ ബോധത്തിന്റെ ഘടികാരം കൂടിയാണ് റേഡിയോ. നന്ദി...നമസ്ക്കാരം

Wednesday, November 2, 2016

വാടക കൂട്ടിലെ കിളിക്കുഞ്ഞ്

വരാന്തയിലെ പടിക്കെട്ടിന് ഇടതു വശത്ത് മുകളിലായി ആറ്റക്കുരുവിയുടെ ഒരു ഒഴിഞ്ഞ കൂട് ഞങ്ങൾ തൂക്കിയിട്ടിരുന്നു. വീടിന്  അടുത്തുള്ള പാടത്തിന്റെ കരയിലെ തെങ്ങിൽ കൂടുകൂട്ടിയ ആറ്റക്കുരുവികൾ ഉപേക്ഷിച്ച കൂടായിരുന്നു അത് . നോ നമോനും കിങ്ങിണയും ചേർന്നാണ് ഒരു കൗതുകത്തിനായി ആ കൂട് വീടിന്റെ മുൻ ഭാഗത്ത് കെട്ടിത്തൂക്കിയത് .കുറച്ചു ദിവസം കഴിഞ്ഞ പ്പോൾ കൂട്ടിൽ ഒരു അനക്കവും ബഹളവും ഒരു കുഞ്ഞിക്കിളിയുടെ കുറുകലും കരച്ചിലും. കുഞ്ഞിനു തീറ്റയുമായി അമ്മക്കിളി.ആറ്റക്കറുപ്പൻ എന്ന യിനം കിളിയാണെന്ന് തോന്നുന്നു. എന്തായാലും രണ്ടു ദിവസം മുൻപ് എല്ലാവരും പറന്നു പോയി.വാടക കൂട്ടിൽ പിറന്ന കുഞ്ഞുമായി!

Monday, October 10, 2016

സിമ്പതിയും എമ്പതിയും

സിമ്പതിയും, എമ്പതിയും നാം സർവ്വസാധാരണമായി ഉപയോഗിക്കുന്ന രണ്ട് വാക്കുകളാണ് .ഇവ തമ്മിൽ ഉള്ള വ്യത്യാസത്തേപ്പറ്റി പലപ്പോഴും നാം ചിന്തിക്കാറില്ല. സിമ്പതി എന്നാൽ ഒരു അയ്യോ ഭാവം മാത്രമാണ്. മറ്റൊരാളുടെ പ്രയാസം കാണുമ്പോൾ ഉണ്ടാകുന്ന ഒരു സഹതാപം .എന്നാൽ എമ്പതി ഇതിൽ നിന്നും വ്യത്യസ്തമാണ്. വേദന അനുഭവിക്കുന്ന മറ്റൊരാളുടെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചു കൊണ്ട് അയാളുടെ തലത്തിലേക്ക്‌ ഇറങ്ങി ചെന്നു കൊണ്ട് അയാളെ സഹായിക്കുന്ന അവസ്ഥയാണത്. ഉദാഹരണമായി ഒരു റോഡപകടം നടന്നു, ഒരു കുഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുന്നു .അത് കണ്ട് അയ്യോ എന്ന് വെറുതെ നിലവിളിക്കുക മാത്രം ചെയ്താൽ അത് വെറും സിമ്പതി മാത്രമാണ്. എന്നാൽ നിലവിളിക്കുന്നതിന് പകരം ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കണ്ടു കൊണ്ട് അതിനെ ആശുപത്രിയിൽ എത്തിക്കുന്നതാണ് എമ്പതി. സിമ്പതി വെറും വികാരപ്രകടനം മാത്രമാണ്. എന്നാൽ എമ്പതി അതിലും ഉയർന്ന തലത്തിലുള്ള പ്രവർത്തനമാണ്. നമസ്ക്കാരം

Friday, September 9, 2016

ഭാരതപ്പുഴ അന്ത്യ ശ്വാസം വലിക്കുന്നു.

വലിയ പ്രതീക്ഷ യോടെയാണ് കുറ്റിപ്പുറത്തേക്ക് വന്നത് .ഭാരതപ്പുഴ കാണുവാനായി. കണ്ടപ്പോൾ മതിയായി. ഒരു ചാലു പോലെ നേർത്ത്.നഗരങ്ങളുടെ അഴുക്കും പേറി ഭാരതപ്പുഴ അന്ത്യശ്വാസം വലിക്കുന്നു .നദിയുടെ മാറിൽ കുഴികൾ തീർത്ത് മണൽ ഊറ്റിയതിന്റെ അടയാളങ്ങൾ പേരറിയാത്ത പുല്ലുകൾ കൊണ്ട് പ്രകൃതി മായിച്ചിരിക്കുന്നു. നദീതീരത്തെ നിളാ പാർക്കിൽ പണ്ട് എന്നോ സ്ഥാപിച്ച ഒരു ബോർഡു കണ്ടു . നദിയിൽ ഇറങ്ങുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.!!! എവിടെ നദി? എവിടെ വെള്ളം ? അവിടെ ഇപ്പോൾ പൊന്തക്കാടുകളാണ്. നിളാതീരത്ത് പ്രതീക്ഷ യോടെ വരുന്നവർക്ക് നദി കാണുവാൻ കഴിയില്ല .പൊന്തക്കാടുകളും പുൽമേടുകളുമാണ് കാണുവാൻ കഴിയുക. അന്ത്യശ്വാസം വലിക്കുന്ന നിളേ നീ എന്നാണ് പുനർജനിക്കുക?