Monday, January 27, 2025

വർണ്ണങ്ങൾ ചാലിച്ച പ്രഭാതം

വീടിൻ്റെ കിഴക്കുവശത്ത് വസന്താമ്മയുടെ വീടാണ് അതിന് മുകളിലൂടെയാണ് പ്രഭാത സൂര്യൻ ഉദിച്ചുയരുന്നത് കഴിഞ്ഞ ദിവസം രാവിലെ കുറച്ചു നേരം പ്രഭാത സൂര്യൻ ഉദിച്ചുയരുന്നത് നോക്കി നിന്നു ഒരു കാൻവാസിൽ ചാലിച്ച വർണ്ണങ്ങൾ പോലെ ആകാശം സുന്ദരമായിരിക്കുന്നു കിങ്ങിണയേയും വിളിച്ച് ആ കാഴ്ച കാണിച്ചു. തിരക്കുകൾകിടയിൽ പലപ്പോഴും നമുക്ക് നഷ്ടപ്പെടുന്ന കാഴ്ചകളിൽ ഒന്ന്

Tuesday, January 21, 2025

ശാന്തനായി ജാഗ്രതയോടെ കിടക്കുന്ന നായ

ഇപ്പോൾ ആലപ്പുഴയാണ് ജോലി ചെയ്യുന്നത് കളക്ട്രേറ്റിന് പുറകിലുള്ള സമ്പാദ്യ ഭവനിൽ ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റൻഡ് ഡയറക്ടർ ആയി വേണാട് ബസിൽ ചെറുമല നിന്നും കയറി ഹരിപ്പാട് എത്തി അവിടെ നിന്നും ട്രെയിനിലാണ് ആലപ്പുഴ പോകുന്നത്  ആലപ്പുഴ സ്റ്റേഷനിൽ ഇരിക്കുമ്പോൾ മുൻപിൽ ഒരു നായ കിടക്കുന്നു അവൻ ശാന്തനായി കിടക്കുകയാണെങ്കിലും ജാഗ്രതയുള്ളവനാണെന്ന് അവൻ്റെ നീട്ടിപ്പിടിച്ച ചെവി സാക്ഷ്യപ്പെടുത്തുന്നു സ്റ്റേഷനിലെ തിരക്കിനും കോലാഹലത്തിനും ഇടയിലും ശാന്തനായും ജാഗ്രതയുള്ളവനായും നിലകൊള്ളുവാൻ നായയ്ക്ക് കഴിയുമെങ്കിൽ ജീവിതത്തിരക്കുകൾക്കിടയിലും നാമും ശാന്തരായും ജാഗ്രതയുള്ളവരായും നില കൊള്ളണം

Saturday, February 12, 2022

കുഭമാസം വന്നു ചേന നടീൽ തുടങ്ങി

വീണ്ടും ഒരു കുഭമാസം കൂടി വന്നു ചേർന്നിരിക്കുന്നു . കുംഭമാസത്തിലെ വെളുത്ത വാവിൻ ദിവസമാണ് ചേന നടുന്നത് .ഇതിനു വേണ്ടി രണ്ടു മൂന്നു ദിവസം മുൻപു തന്നെ വിത്തു ചേന നടുവാൻ പാകത്തിൽ കഷണങ്ങളാക്കി ചാണകപ്പാലിൽ മുക്കി തണലത്തു വയ്ക്കും ... ഇത്തവണ കൃഷിപ്പണിയിൽ സഹായിക്കുന്ന ചന്ദ്രൻ ചേട്ടൻ ചാണകപ്പൊടി ഒരാഴ്ച മുൻപു തന്നെ ഒരു ടെമ്പോയിൽ കൊണ്ടുവന്നു ചേന നട്ട ശേഷം മുകളിൽ ഇടുന്നതിന് കുറെ കരിയിലയും കൊണ്ടുവന്നു കുഭമാസം ഒന്നാം തീയതി തന്നെ ചന്ദ്രൻ ചേട്ടനും മകനും എത്തി ചേന നട്ടു കൊണ്ടിരിക്കുന്നു ഇന്നലെ ഉച്ചകഴിഞ്ഞ് നല്ല ഒരു വേനൽ മഴ കിട്ടി .. അതു കൊണ്ട് കുഴികൾ എടുക്കുന്നത് എളുപ്പമായിരുന്നു 
ഏകദേശം രണ്ടടി ആരത്തിലും ആഴത്തിലും എടുത്ത കുഴിയിൽ ചേന കഷണം വച്ച് ചുറ്റും മുകളിലും മണ്ണിടുന്നു .തുടർന്ന്  അരക്കൊട്ട ചാണകപ്പൊടിയും അൽപ്പം എല്ലുപൊടിയും
ഇട്ടു തുടർന്ന് കരിയിലയും ഇട്ടു .... ഒരു ചേന നടുവാൻ 5 തവണ കുഴിയുടെ അടുത്തു ചെല്ലണമെന്നാണ് പ്രമാണം എന്ന് ചന്ദ്രൻ ചേട്ടൻ പറഞ്ഞു .... എന്തായാലും കുഭമാസത്തിലെ വെളുത്ത വാവിൻ ദിവസം നടുന്നതിന് കുറച്ചു ചേന മാറ്റി വച്ചിട്ടുണ്ട് 

Friday, January 28, 2022

ജൈവകൃഷിയുടെ ഫലങ്ങൾ

2021  ജൈവ കൃഷിയെ സംബന്ധിച്ചു വളരെ നല്ല വര്ഷം ആയിരുന്നു . ഓഫീസിൽ പോകുന്നതിനു മുന്പായി അല്പസമയം കിട്ടുന്നത് കൃഷി വേണ്ടി നീക്കി വച്ചു . കൂടാതെ ചന്ദ്രൻ ചേട്ടൻ കൃഷിചെയ്‌യുന്നതിന്  വളരെ ഏറെ സഹായിച്ചു . ചേന നടുന്നതിനും കാപ്പ നടുന്നത്തിനും മഞ്ഞൾ , ഇഞ്ചി ഇവയുടെ കൃഷിയിലും ചന്ദ്രൻ ചേട്ടൻ ജോലി ചെയ്തു . റബര് വെട്ടി അതിനു പകരം ജൈവ പുരയിട കൃഷിയിലേക്ക് തിരിഞ്ഞത് നല്ല തീരുമാനം ആണെന്ന് തെളിഞ്ഞു .  അല്പം ചേനയും , ചേമ്പും , കാച്ചിലും ഒക്കെ കൊതിക്കു വിപണിയിൽ നിന്നും വാങ്ങാതെ കഴിക്കാമല്ലോ . 

Thursday, January 30, 2020

അങ്ങാടിക്കുരുവിയെ കണ്ടപ്പോൾ

ഏറെ നാളുകൾക്ക് ശേഷമാണ് ഒരു അങ്ങാടിക്കുരുവിയെ കാണുന്നത് .കില ഇറ്റി സിയിലെ ബസ്സും പ്രതീക്ഷിച്ച് കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു അങ്ങാടിക്കുരുവി  മുന്നിൽ വന്നു പെട്ടത് .സ്റ്റാൻഡിലെ തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള തുരുമ്പിച്ച റ്റി വി സ്റ്റാൻഡിന്റെ മുകളിലും അടിയിലുമായി എന്തോ തിരഞ്ഞുകൊണ്ട് അത് പാറി നടന്നു . പറ്റിപ്പിടിച്ച മാറാലകൾ ചുണ്ടുകൊണ്ട് വകഞ്ഞു മാറ്റുന്നു .ഒരു കൂടു കൂട്ടാനുള്ള സ്ഥാനം നോക്കുകയാകാം . ചണച്ചാക്കുകൾക്ക് പകരം ഇഴയടുപ്പമുള്ള പ്ലാസ്റ്റിക്ക് ചാക്കുകൾ വന്നതും മനുഷ്യന്റെ ഉള്ളിലെ കാരുണ്യം വറ്റിയതും , പലചരക്കുകടകൾ വേരറ്റുപോയി സൂപ്പർമാർക്കറ്റുകൾ വന്നതുമെല്ലാം അങ്ങാടിക്കുരുവികളെ അങ്ങാടികളിൽ അപൂർവ്വ കാഴ്ചയാക്കിയിട്ടുണ്ട് .ഡേറ്റായുടെ യും കമ്മ്യൂണിക്കേഷന്റെയുംമാസ്മരിക ലോകത്തേക്ക് നമ്മെ  കൈ പിടിച്ചുയർത്തിയ മൊബൈൽ ടവറുകൾ പ്രസരിപ്പിക്കുന്ന വികിരണങ്ങളും അങ്ങാടിക്കുരുവിയുടെ മുട്ടകളെ ചീമുട്ടകളാക്കിയതായി സംശയമുണ്ട് .എന്തായാലും ഞാൻ കണ്ട അങ്ങാടിക്കുരുവി ക്ഷീണിതനാണ്  അങ്ങാടിയിലെ മനുഷ്യരേപ്പോലെ

Saturday, September 14, 2019

പള്ളിയിൽ കുടുങ്ങിയ ആനറാഞ്ചി

പള്ളിയിൽ എത്തി മുകളിലേക്ക് നോക്കിയപ്പോൾ പരിചിതനായ ഒരു പക്ഷി അവിടെ പാറിക്കളിക്കുന്നു. ഒരു സുന്ദരനായ ആന റാഞ്ചി . രണ്ടായി വളഞ്ഞ വാലും തിളങ്ങുന്ന കറുപ്പു നിറവും മേൽക്കൂരയിലെ കുറുകെയുള്ള തൂണുകളിൽ ഇടയ്ക്ക് ഇരുന്നും പിന്നെ പറന്നും നീങ്ങുകയാണത് .പള്ളിയിലെ കുട്ടികളടക്കം മിക്കപേരും ആനറാഞ്ചിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ചെറു പ്രാണികളേയും അവന് കിട്ടുന്നുണ്ട് .അവയെ ശാപ്പിട്ടശേഷമുള്ള ചിറകുകൾ താഴേക്ക് പൊഴിച്ചു കളയുന്നുമുണ്ട് .എന്തായാലും ആനറാഞ്ചി പ്രാർത്ഥിക്കുന്നവനായി വന്നതാ കില്ല .എങ്ങനെയോ പെട്ടു പോയതാണ് .അവിടെ നിന്നും പുറത്തേക്ക് ഇറങ്ങുവാനുള്ള വഴി തിരയുകയാണവൻ .പുറത്തേക്ക്.... പ്രകൃതിയിലേക്ക്.... സ്വാതന്ത്ര്യത്തിലേക്ക്

Wednesday, August 29, 2018

കാള കിടക്കും കയറോടും!!!

കാള കിടക്കും കയറോടും എന്നാ പഴമൊഴി മത്തനേയും വള്ളിയും ആണ് സൂചിപിക്കുന്നത് . മത്തന്‍ കൃഷി എല്ലാ വര്‍ഷവും ചെയ്യും എങ്കിലും ഫലം കിട്ടുന്നത് ചുരുക്കമാണ് . ഇല തോരന്‍ വക്കുവാന്‍ എടുക്കുകയാണ് ചെയുന്നത് . ഞങ്ങള്‍ ഇവിടെ വസ്തു വാങ്ങിയ സമയത്ത് പറമ്പില്‍ ധാരാളം മത്തങ്ങാ കായ്ച്ചു കിടന്നിരുന്നു . വലിയ മഞ്ഞ കായകള്‍ . പിന്നീടു എന്തുകൊണ്ടോ കായകള്‍ അധികം പിടിച്ചില്ല . ഫെബ്രുവരി മാസത്തോടെ ഒരു തടം എടുത്തു മത്തന്‍ നട്ടു. എന്നാല്‍ അതിനു വലിയ വളര്‍ച്ച ഒന്നും കണ്ടില്ല .ചൂട് സമയത്ത് കുറച്ചു വെള്ളം ഒഴിച്ചു . പിന്നീട് മഴ പെയ്തു കഴിഞ്ഞപ്പോള്‍ അല്പം നന്നായി വളരുവാന്‍ തുടങ്ങി . ആദ്യം ഉണ്ടായ കായകള്‍ ഒക്കെ കായീച്ച കുത്തി കളഞ്ഞു . ഒരു ആഴ്ച മുന്‍പ് പ്രളയം കഴിഞ്ഞു ചെല്ലുമ്പോള്‍ അതാ രണ്ടു കായകള്‍ ഉണ്ടായി വരുന്നു . അവയെ കണ്ടപ്പോള്‍ തന്നെ ആനന്ദം തോന്നി . കുഞ്ഞുങ്ങളെ കാണുമ്പോള്‍ ഉള്ള ആനന്ദം . കായീച്ച കുത്താതെ രണ്ടു കായ എങ്കിലും കിട്ടിയല്ലോ . നോനമോനെയും കിങ്ങിനയെയും , അപ്പുറത്തെ ഗര്‍വിനെയും വിളിച്ചു കാണിച്ചു . ലീനയെയും വിളിച്ചു കാണിച്ചു . ദൈവം തന്ന മത്തനാണ് എന്ന് സന്തോഷത്തോടെ പറഞ്ഞു . എല്ലാം ഫലം ആയി കിട്ടണം എങ്കില്‍ ദൈവം വിചാരിക്കണമല്ലോ